sports

കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിനെ ഗോൾമഴയിൽ മുക്കി മോഹന്‍ ബഗാന്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. എ.ടി.കെ മോഹന്‍ ബഗാനാണ് മഞ്ഞപ്പടയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ടീമിന്റെ തോല്‍വി.

മോഹന്‍ ബഗാനുവേണ്ടി ദിമിത്രി പെട്രറ്റോസ് ഹാട്രിക്ക് നേടി. ലെനി റോഡ്രിഗസ്, ജോണി കൗക്കോ എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു. ബ്ലാസ്‌റ്റേഴ്‌സിനായി ഇവാന്‍ കലിയുഷ്‌നിയും കെ.പി.രാഹുലും ഗോളടിച്ചു.

ഒരു ഗോളിന് ലീഡ് ചെയ്തശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. പ്രതിരോധനിരയിലെ പിഴവാണ് ടീമിന്റെ തോല്‍വിയ്ക്ക് പ്രധാന കാരണം. ആക്രമണത്തില്‍ മാത്രം ശ്രദ്ധിച്ചപ്പോള്‍ പ്രതിരോധത്തില്‍ മഞ്ഞപ്പട ഗുരുതരമായ വീഴ്ചവരുത്തി.

ഈ തോല്‍വിയോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണു. മോഹന്‍ ബഗാന്‍ മൂന്ന് പോയിന്റുമായി അഞ്ചാമതാണ്.

Leave A Comment