ജില്ലാ വാർത്ത

ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ശിവകരന്‍ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് കോട്ടയം ഉഴവൂര്‍ കുറിച്ചിത്താനം തോട്ടം ശിവകരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി. ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് ശിവകരന്‍ നമ്പൂതിരിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. ഉച്ചപൂജ നിര്‍വ്വഹിച്ച പി.എം. ഭവദാസന്‍ നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്.

മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 39 പേരില്‍ 33 പേര്‍ ഹാജരായി. ഇവരില്‍നിന്നു യോഗ്യത നേടിയ 28 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. തിരഞ്ഞെടുക്കപ്പെടുന്ന മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31-ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. നിലവിലെ ക്ഷേത്രം മേല്‍ശാന്തി ഡോ. കിരണ്‍ ആനന്ദ് നമ്പൂതിരിക്ക് ചടങ്ങില്‍ പങ്കെടുക്കാനായില്ല.

Leave A Comment