തിരുവൈരാണിക്കുളം നടതുറപ്പുത്സവം സമാപിച്ചു
കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവതീ ദേവിയുടെ നടതുറപ്പുത്സവം സമാപിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിന് ആചാരപരമായ ചടങ്ങുകളോടെ പാർവതീ ദേവിയുടെ നടയടച്ചു. ഇനി അടുത്ത ധനു മാസത്തിലെ തിരുവാതിര നാളിലേ ദേവിയുടെ നട തുറക്കൂ. രാത്രി ഏഴരയോടെ ദർശനം പൂർത്തിയാക്കി ഭക്തർ നാലമ്പലം ഒഴിഞ്ഞു.
തുടർന്ന് ശ്രീമഹാദേവന്റെ അത്താഴപൂജയ്ക്കു മുൻപായി പാട്ടുപുരയിൽനിന്ന് ദേവീചൈതന്യം ഉൾക്കൊള്ളുന്ന ദീപം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു.
പാർവതീ ദേവിയുടെ പ്രിയതോഴിയായി സങ്കൽപ്പിക്കുന്ന ബ്രാഹ്മണിയമ്മ തളികയിൽ കൊട്ടി അകമ്പടി സേവിച്ചു. ആചാരപ്രകാരം ക്ഷേത്ര ഊരാണ്മക്കാരായ അകവൂർ, വെടിയൂർ, വെൺമണി മനകളിൽനിന്നുള്ള പ്രതിനിധികളും സമുദായം തിരുമേനി ചെറുമുക്ക് വാസുദേവൻ അക്കിത്തിരിപ്പാട്, പുഷ്പിണി തങ്കമണി ബ്രാഹ്മണിയമ്മ, ക്ഷേത്ര ഭരണസമിതി പ്രതിനിധികൾ എന്നിവർ നടയ്ക്കൽ സന്നിഹിതരായി.
Leave A Comment