അരിക്കൊമ്പന്‍ വിഷയം; നിയമപോരാട്ടത്തിന് അതിരപ്പിള്ളി പഞ്ചായത്ത്
ചാലക്കുടി: അരിക്കൊമ്പനെ പറമ്പിക്കുളത്തെത്തിക്കാനുള്ള നീക്കത്തില്‍ നിയമപോരാട്ടത്തിന് അതിരപ്പിള്ളി പഞ്ചായത്ത്. വിഷയത്തില്‍ നിയമോപദേശം തേടാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ പഞ്ചായത്ത് കക്ഷി ചേരും. ആനയെ എത്തിക്കുന്നതിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആതിര ദേവരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിവധ സംഘടനാ പ്രതിനിധികളും ഉള്‍പ്പെടെ 20 പേര്‍ പങ്കെടുത്തു. അരൂര്‍മുഴി സെന്ററില്‍ സര്‍വ്വകക്ഷി പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും വിദഗ്ധ ഉപദേശം തേടി കേസില്‍ ഗ്രാമപഞ്ചായത്ത് കക്ഷി ചേരാനും യോഗം തീരുമാനം കൈകൊണ്ടു. വൈസ് പ്രസിഡണ്ട് സൗമിനി മണിലാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ റിജേഷ്, സിസി കൃഷ്ണന്‍,കെഎം ജയചന്ദ്രന്‍, സനീഷ ഷെമി, മനു പോള്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ എസ് സതീഷ് കുമാര്‍ (സിപിഐഎം) കെ കെ ശ്യാമളന്‍ (സിപിഐ) ജോമോന്‍ കാവുങ്കല്‍ (കോണ്‍ഗ്രസ്) ഉണ്ണി കെ പാര്‍ത്ഥന്‍ (ബിജെപി) എന്നിവര്‍ സംസാരിച്ചു.
Leave A Comment