തുമ്പിക്കൈയ്യില്ലാത്ത ആനക്കുട്ടിയെ വീണ്ടും തുമ്പൂർമുഴിയിൽ കണ്ടെത്തി
ചാലക്കുടി: ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അതിരപ്പിള്ളിയില്‍ തുമ്പിക്കൈയ്യില്ലാത്ത ആനക്കുട്ടിയെ വീണ്ടും കണ്ടെത്തി. ഇത്തവണ തുമ്പൂര്‍ മൂഴിയിലാണ് കണ്ടെത്തിയത്. അമ്മയാനയുടെ സംരക്ഷണയില്‍ റോഡ് മുറിച്ചു കടക്കുന്ന ആനയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. ആതിരപ്പിള്ളി മലക്കപ്പാറ റോഡിലെത്തിയ ആനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.
റോഡ് മുറിച്ച് കടക്കാന്‍ കുട്ടിയാനയെ സഹായിക്കുന്ന അമ്മയാനയും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡ് മുറിച്ച് കടന്നതിന് ശേഷം കുട്ടിയാന പിന്നാലെയുണ്ടല്ലോ എന്നുറപ്പിക്കാന്‍ പിൻകാലുകൾ പുറകിലേക്ക് നീട്ടി നിൽക്കുന്ന അമ്മയാനയും ദൃശ്യങ്ങളിലുണ്ട്. കുട്ടിയാന റോഡ് മുറിച്ച് കടന്ന ശേഷമാണ് ആനക്കൂട്ടത്തിലെ മറ്റ് ആനകൾ റോഡ് മുറിച്ച് കടന്നത്. 2023 ജനുവരിയിലാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനുമായ ജിലേഷ് ചന്ദ്രനാണ് ആദ്യമായി ആനക്കുട്ടിയെ കണ്ടത്.
അതിരപ്പിള്ളി പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തിനുള്ളിൽ ഏഴാറ്റുമുഖം മേഖലയിലായിരുന്നു തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ ആദ്യം കണ്ടെത്തിയത്. പിന്നീട് മാർച്ച് മാസത്തിൽ അതിരപ്പിള്ളി ഭാഗത്തും ആനക്കുട്ടിയെ കണ്ടെത്തിയിരുന്നു. ചാലക്കുടി പുഴയിലാണ് കുട്ടിയാനയേയും അമ്മയാനയേയും മാർച്ച് മാസത്തിൽ കണ്ടെത്തിയത്.
ആനക്കുട്ടിയെ കണ്ടെത്തി പരിശോധിക്കാന്‍ വനപാലകരുടെ സംഘം ദിവസങ്ങളോളം തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു കുട്ടിയാനയെ ചാലക്കുടി പുഴയിൽ കണ്ടെത്തിയത്. പിന്നീട് ഓഗസ്റ്റ് മാസത്തിൽ ആനക്കുട്ടിയെ ആതിരപ്പിള്ളിയിൽ വീണ്ടും കണ്ടെത്തിയിരുന്നു.
Leave A Comment