ജില്ലാ വാർത്ത

വിവാദ പത്രപരസ്യം; മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെ; അന്വേഷിക്കാന്‍ കളക്ടറുടെ നിര്‍ദേശം

പാലക്കാട്: മുസ്‌‌ലിം സംഘടനകളുടെ രണ്ട് പത്രങ്ങളില്‍ സിപിഐഎം തെരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചത്  അന്വേഷിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറുടെ  നിര്‍ദേശം . പരസ്യം  മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണെന്ന  കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ്  നടപടി.  മറ്റ് പരസ്യങ്ങള്‍ക്ക് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി വാങ്ങിയിരുന്നു. വോട്ടെടുപ്പിന്‍റെ തലേന്ന് സന്ദീപ് വാരിയര്‍ വിഷയമുയര്‍ത്തി രണ്ട് മുസ്‌‌ലിം സംഘടനകളുടെ പത്രങ്ങളില്‍ മാത്രം എല്‍ഡിഎഫ് പരസ്യം നല്‍കിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. കാഫിർ സ്ക്രീൻ ഷോട്ടിന്‍റെ പുതിയ രൂപമെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം. 

ഈ പത്രപരസ്യം സി.പി.ഐ.എമ്മിന്റെ ഗതികേടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി പറഞ്ഞു. സന്ദീപിനെ സ്വീകരിക്കാന്‍ നിന്നവര്‍ ഇപ്പോള്‍ വര്‍ഗീയതയെ കുറിച്ച് പറയുകയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് സിപിഐഎമ്മിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സ്വന്തം പത്രത്തില്‍ പരസ്യം ചെയ്യാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്നും മുസ്​ലിം സംഘടനകളുടേതില്‍ കൊടുക്കുന്നുവെന്നും സതീശന്‍ പരിഹസിച്ചു. എന്തു പറഞ്ഞായാലും ബിജെപി ജയിച്ചാലും യുഡിഎഫ് തോല്‍ക്കണമെന്നതാണ് സിപിഐഎമ്മിന്‍റെ ആഗ്രഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് പാഷാണം വര്‍ക്കിയുടെ റോളാണ്. മുസ്​ലിം സംഘടനകള്‍ക്കിടയില്‍ ഒരു പ്രചാരണവും ക്രൈസ്തവര്‍ക്കിടയില്‍ മറ്റൊന്നുമാണ്. ഇതാണോ ഇടതുപക്ഷമെന്നും ഇവരോട് മല്‍സരിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് കണ്ടത് കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഗ്ലോറിഫൈഡ് വേർഷനാണെന്ന് ഷാഫി പറമ്പില്‍ എം.പി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ എങ്ങനെയാണ് ഇതിനു അനുമതി കൊടുത്തത്? ബിജെപി ഈ പരസ്യം കൊടുത്താൽ മനസിലാക്കാം. പത്രത്തിന്‍റെ കോപ്പി എം.ബി. രാജേഷിന്‍റെ വീട്ടിലും എ.കെ. ബാലന്‍റെ വീട്ടിലും എത്തിക്കണം. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആണെന്ന് പറഞ്ഞത് ആരാണെന്നും ഷാഫി ചോദിച്ചു.

Leave A Comment