ജില്ലാ വാർത്ത

വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയതിനെ തുടർന്ന്  പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കലക്ടറുടെ തീരുമാനം വന്നുകഴിഞ്ഞാല്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.

ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടത്തണം എന്നും ആവശ്യമുയര്‍ന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഗോപന്‍ സ്വാമിയെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം. സംഭവത്തില്‍ വിചിത്രവാദങ്ങളാണ് മകന്‍ രാജസേനന്‍ പറയുന്നത്. സമാധി ഇരിക്കാന്‍ ആവശ്യമായ കല്ല് അച്ഛന്‍ അഞ്ച് വര്‍ഷം മുന്‍പേ തന്നെ വാങ്ങിയിരുന്നെന്ന് മകന്‍ പറഞ്ഞു. സമാധി ആരും കാണാന്‍ പാടില്ലാത്തുകൊണ്ടാണ് ആരെയും അറിയിക്കാതിരുന്നത്. നാട്ടുകാര്‍ പറയുന്നതല്ല സത്യമെന്നും രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും എന്നാണ് വിവരം.

വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം പണിഞ്ഞ് പൂജാ കര്‍മ്മങ്ങള്‍ ചെയ്തു വരികയായിരുന്നു മരിച്ച ഗോപന്‍ സ്വാമി. നാട്ടില്‍ ഗോപന്‍ സ്വാമി എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. മൂന്ന് മാസങ്ങള്‍ക്കുമുമ്പ് അസുഖബാധിതനായതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്പറോടും 'ഞാന്‍ മരണപ്പെടുമ്പോള്‍ എന്നെ സമാധി ആക്കണം' എന്ന് ഇദ്ദേഹം അറിയിച്ചിരുന്നതായാണ് വിവരം. ഭാര്യയോടും മക്കളോടും ഇതേ ആവശ്യം അറിയിച്ചിരുന്നതായി അവരും പറയുന്നു.സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരണപ്പെട്ടതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും അതിനുശേഷം മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി ഭാര്യയോടു മക്കളോടും പറഞ്ഞിരുന്നതായാണ് അവര്‍ പറയുന്നത്.

കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ ഗോപന്‍ സ്വാമി മരണപ്പെടുകയും അതിനുശേഷം രാത്രിയോടെ മരണാന്തര ചടങ്ങുകള്‍ ചെയ്തു സമാധി ആക്കിയെന്നുമാണ് മക്കള്‍ മാധ്യമപ്രവര്‍ത്തകരോടും പറയുന്നത്.രാവിലെ പതിനൊന്ന് മണിക്കാണ് അച്ഛന്‍ സമാധിയായത്. തുടര്‍ന്ന് ചേട്ടനെ വിളിച്ചറിച്ചു. പൂജാദ്രവ്യങ്ങളെല്ലാം വാങ്ങിച്ചുകൊണ്ടുവന്ന് പകല്‍ സമയത്ത് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് എല്ലാ ചെയ്തത്. ഒന്നും മറച്ചുവെച്ചല്ല ചെയ്തത്. പത്ത് മണിക്കൂര്‍ കഴിഞ്ഞത് അനാഗതചക്രം ചെയ്തശേഷമാണ് നിമഞ്ജനം നടത്തിയത്. അച്ഛന്‍ സമാധിയായതോടെ ഇനി അങ്ങോട്ട് ഈ ക്ഷേത്രത്തിന് ഉയര്‍ച്ചയുണ്ടാകും. അതിനാണ് നാട്ടുകാര്‍ ഇതെല്ലാം പൊളിച്ചടുക്കുന്നത്. ക്ഷേത്രട്രസ്റ്റിന്റെ ഭാരവാഹികളാണ് ഇപ്പോള്‍ ഇതിന് പുറകില്‍. ഇനി മുതല്‍ ഈ ക്ഷേത്രത്തിന്റെ യോഗീശ്വരനാണ് അച്ഛന്‍. ഇനി അമ്പലം വളരുമെന്ന് എല്ലാവര്‍ക്കും അറിയാം. കുടുംബം ഈ ക്ഷേത്രം കൈയില്‍ വയ്ക്കാന്‍ പാടില്ലെന്നാണ് അവരുടെ വാദം. പുലര്‍ച്ചെയായതുകൊണ്ടാണ് വാര്‍ഡ് മെമ്പറെ അറിയിക്കാതിരുന്നത്' രാജസേനന്‍ പറഞ്ഞു. 

അതേസമയം, രാജസേനന്‍, സനന്തന്‍ എന്നീ രണ്ട് ആണ്‍മക്കളും മരണപ്പെട്ട സ്വാമിയുടെ ഭാര്യ സുലോചനയും മരുമകളും മാത്രമാണ് മരണാന്തര ചടങ്ങുകള്‍ ചെയ്യാന്‍ ഉണ്ടായിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ സ്വാമി മരിച്ചതായി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ മകന്‍ പതിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നാട്ടുകാര്‍ ഒത്തുകൂടി വാര്‍ഡ് മെമ്പറെ വിളിച്ചുവരുത്തിയത്. സ്വാമിയുടെ വീട്ടിലെത്തി മക്കളോട് ചോദിച്ചപ്പോള്‍ രണ്ടു മക്കളും പരസ്പരവിരുദ്ധമായാണ് മറുപടി നല്‍കിയത് എന്നും നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് നാട്ടുകാര്‍ നെയ്യാറ്റിന്‍കര പോലീസില്‍ വിവരമറിയിച്ചത്.


Leave A Comment