നിപ ഭീതി ഒഴിഞ്ഞു; എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല; 155 പേർക്ക് ഡെങ്കിപ്പനി
തിരുവനന്തപുരം: നിപാ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. കൃത്യമായ രോഗനിര്‍ണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കണ്ടെയ്ന്‍മെന്റ് സോണ്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞത് കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു.രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതിന് മുന്‍പ് കണ്ടെത്താന്‍ കഴിഞ്ഞതും കൃത്യതയോടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി നിരീക്ഷണം ഏര്‍പ്പെടുത്തിയതുമാണ് രോഗവ്യാപനം തടയാന്‍ സഹായിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലാ ഭരണകൂടം, ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. മാനദണ്ഡപ്രകാരമുള്ള തുടര്‍ നിരീക്ഷണ നടപടികള്‍ തുടരും. 42 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പ്രദേശത്തെ നിപരഹിതമായി പ്രഖ്യാപിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 4 പേരെയും ഇന്ന് ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കി. ഇതില്‍ 2 പേര്‍ രോഗബാധിതന്റെ കുടുംബാംഗങ്ങളും 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. നിരീക്ഷണ വേളയില്‍ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത്. രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ 10 മുതല്‍ നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 58 പേരുടെ ഫലവും നെഗറ്റീവാണ്.
കൂടാതെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ ഉണ്ടായിരുന്ന 3 പേരെയും ഇന്ന് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി. ഇതോടെ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗം, ഉയര്‍ന്ന റിസ്‌ക് വിഭാഗം എന്നിവയില്‍ നിന്നുള്ള എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. കൂടാതെ കുറഞ്ഞ റിസ്‌ക് വിഭാത്തില്‍പ്പെട്ട 24 പേരെയും ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 3 പേര്‍ മാത്രമാണ് ഇനി നിരീക്ഷണത്തില്‍ ഉള്ളത്.നിപ രോഗ ബാധിതന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നു. എന്നാല്‍ രോഗിയുടെ ഒരാഴ്ചക്കുള്ളിലെ രണ്ടു സ്രവ സാമ്പിളുകളും നെഗറ്റീവ് ആയിട്ടുണ്ട്. തുടര്‍ ചികിത്സാനടപടികള്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും.
8 പേര്‍ക്ക് കൂടി ഷിഗെല്ല
സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, കണ്ണൂര്‍, പാലക്കാട് രണ്ട് വീതം, തൃശൂര്‍, മലപ്പുറം ഒന്ന് വീതം എന്നിവിടങ്ങളിലാണ് ഇത്. സംസ്ഥാനത്ത് ജൂണ്‍ മാസം 205 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 281 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (69), വയനാട് (26), തൃശൂര്‍ (14) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (33), തിരുവനന്തപുരം (18), കണ്ണൂര്‍ (13), കൊല്ലം (15), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (5) എന്നിവിടിങ്ങളിലും ജൂണ്‍ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
155 പേര്‍ക്ക് ഡെങ്കിപ്പനി
എലിപ്പനി ബാധിച്ച് 2മരണം
155 പേര്‍ക്ക് ഡെങ്കിപ്പനിയും 26 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 14പേർക്ക് മലേറിയ സ്ഥിരീകരിച്ചു.
Leave A Comment