മുഖ്യമന്ത്രിയുടെ 'റിവേഴ്സ് റെമിറ്റൻസ്' പരാമർശം; വിമർശനവുമായി കവി സച്ചിദാനന്ദൻ
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളെയും 'റിവേഴ്സ് റെമിറ്റൻസ്' വിഷയത്തെയും കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ കവി കെ. സച്ചിദാനന്ദൻ രംഗത്ത്.
പുറത്തുനിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടേതെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. അവർ ചെയ്യുന്ന സേവനത്തിനുള്ള പ്രതിഫലമാണ് ലഭിക്കുന്നതെന്നും, പലപ്പോഴും നിലവിലെ കൂലിനിരക്കിനേക്കാൾ കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടുംബം പോറ്റാനാണ് അവർ സ്വന്തം നാട് വിട്ട് കേരളത്തിലെത്തുന്നതെന്നും, മലയാളികളും മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്ത് അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പിന്തുണയാകുന്നതെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതായിരുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു. കേരളത്തിലെത്തുന്നവർ വിദേശികളല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പരാമർശം ലജ്ജാകരമാണെന്നും അത് പിൻവലിക്കണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു.
കേരളത്തിലെ നിർമ്മാണ മേഖലയിലടക്കം ഇതരസംസ്ഥാന തൊഴിലാളികളാണ് കൂടുതലായും ജോലി ചെയ്യുന്നതെന്നും, ഇവർ സമ്പാദിക്കുന്ന വലിയൊരു തുക മറ്റ് സംസ്ഥാനങ്ങളിലേക്ക് 'റിവേഴ്സ് റെമിറ്റൻസ്' ആയി ഒഴുകുന്നുവെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
Leave A Comment