കേരളം

വഴിവിട്ട് ബാർ ലൈസൻസ് അനുവദിച്ചു; എം.ബി. രാജേഷിനെതിരെ പുതിയ ആരോപണം

പത്തനംതിട്ട: കേന്ദ്ര നിയമം മറികടന്ന് സ്റ്റാർ പദവിയില്ലാത്ത 147-ലേറെ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതിൽ മുൻ എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഇടപെടൽ ഉണ്ടായിരുന്നുവെന്ന ആരോപണവുമായി രേഖകൾ പുറത്തുവന്നു.

മന്ത്രിയുടെ നിർദേശപ്രകാരമാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഹോട്ടൽ റീ-ക്ലാസിഫിക്കേഷൻ പൂർത്തിയാകുന്നതുവരെ ബാർ ലൈസൻസ് പുതുക്കി നൽകാൻ തീരുമാനിച്ചതെന്ന് അന്നത്തെ പ്രൈവറ്റ് സെക്രട്ടറി എൻ. ശശിധരൻ നായർ എക്‌സൈസ് കമ്മിഷണർക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നതായാണ് റിപ്പോർട്ട്.

കേന്ദ്ര അംഗീകാരമുള്ള ത്രീ സ്റ്റാർ പദവി ബാർ ലൈസൻസിന് നിർബന്ധമാണെന്നിരിക്കെ, ക്ലാസിഫിക്കേഷൻ പൂർത്തിയാകാത്ത ഹോട്ടലുകൾക്കും ലൈസൻസ് പുതുക്കി നൽകിയെന്നാണ് ആരോപണം. ഇതിനായി ആവശ്യമായ വിവിധ നിയമപരമായ മാനദണ്ഡങ്ങളും പരിശോധനകളും പാലിച്ചില്ലെന്നും വിമർശനം ഉയരുന്നു.

അതേസമയം, ബാർ ലൈസൻസ് അനുവദിക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം കഴിഞ്ഞ വർഷം ഫെബ്രുവരി 28-ന് സംസ്ഥാന എക്‌സൈസ് കമ്മിഷണർക്ക് കത്തിലൂടെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave A Comment