പിഎഫ്ഐ കേന്ദ്രങ്ങളിലെ റെയ്ഡ്; രേഖകൾ പിടികൂടിയെന്ന് സൂചന
കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലും ഓഫീസുകളിലും നടന്ന എൻഐഎ പരിശോധനയിൽ മൊബൈല്‍ ഫോണുകള്‍, പ്രസിദ്ധീകരണങ്ങള്‍, രേഖകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
സംസ്ഥാനത്തെ 56 സ്ഥലങ്ങളിലായി ഇന്ന് പുലർച്ചെ രണ്ടോടെയാണ് റെയ്ഡ് ആരംഭിച്ചത്. എറണാകുളം റൂറലിലാണ് ഏറ്റവുമധികം പരിശോധന നടന്നത്. ഇവിടെ 12 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. റെയ്ഡിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.എടവനക്കാട് സ്വദേശി മുബാറക്ക് ആണ് അറസ്റ്റിലായത്.
ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി സൂചനയുണ്ട്. കസ്റ്റഡിയിലെടുത്ത മുബാറക്കിനെ വിശദമായ ചോദ്യംചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചു.
എറണാകുളം റൂറലിലാണ് ഏറ്റവുമധികം പരിശോധന നടന്നത്. ഇവിടെ 12 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. എൻഐഎ പരിശോധനയിൽ മൊബൈല്‍ ഫോണുകൾ, പ്രസിദ്ധീകരണങ്ങള്‍, രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പിഎഫ്ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡന്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അംഗം സുൽഫി വിതുര, പിഎഫ്ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. തിരുവനന്തപുരത്ത് എൻഐഎ ഡിവൈഎസ്പി ആർ.കെ.പാണ്ഡെയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്.. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടിലാണ് പരിശോധന. സിദ്ദീഖ് റാവുത്തറിന്റെ വീട്ടിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും രണ്ടു ബുക്ക് ലെറ്റുകളും എൻഐഎ സംഘം പിടിച്ചെടുത്തു. പുലർച്ചെ മൂന്നിന് തുടങ്ങിയ റെയ്ഡ് ഏഴോടെ അവസാനിച്ചു.
പത്തനംതിട്ടയിൽ പിഎഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിൽ പരിശോധന നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടത്തി. പിഎഫ്ഐ നേതാവ് സജീവിന്റെ വീട്ടിലായിരുന്നു പരിശോധന.
ആലപ്പുഴയിൽ അഞ്ച് ഇടത്ത് എൻഐഎ റെയ്ഡ് നടത്തി. അരൂർ, എടത്വ, പുന്നപ്ര ,വീയപുരം, കായംകുളം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, സംസ്ഥാന സമിതി അംഗം കളരിക്കൽ സിറാജ്, സംസ്ഥാന കമ്മിറ്റി അംഗം മങ്കോട്ടച്ചിറ മുജീബ്, മുൻ ജനറൽ സെക്രട്ടറി യാക്കൂബ് നജീബ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. നിരവധി രേഖകൾ റെയ്ഡിൽ കണ്ടെടുത്തു.
കോട്ടയം കാഞ്ഞിരപ്പള്ളിയിലും എൻഐഎ റെയ്ഡ് നടന്നു. പിഎഫ്ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിൽ കേരളാ പോലീസിന്റെ സാന്നിധ്യത്തിലാണ് എൻഐഎ റെയ്ഡ് നടന്നത്. ഈരാറ്റുപേട്ടയിലും എൻഐഎ സംഘമെത്തി.
മൂവാറ്റുപുഴയിൽ പിഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം.കെ. അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പുലർച്ചെ രണ്ടോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയിൽ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളിൽ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിന്റെ ചില ഓഫീസുകളും എൻഐഎ സംഘം തുറന്നുപരിശോധിച്ചു.
തൃശൂരിൽ കുന്നംകുളം കേച്ചേരിയിൽ എൻഐഎ റെയ്ഡ് നടത്തി. കേച്ചേരി തൂവാനൂരിലെ പിഎഫ്ഐ നേതാവ് ഹുസയറിന്റെ വീട്ടിൽ പുലർച്ചെ മൂന്നിന് ആണ് എൻഐഎ റെയ്ഡ് നടത്തിയത്. നാല് മണിക്കൂർ നീണ്ട് നിന്ന എൻഐഎ റെയ്ഡ് കാലത്ത് ഏഴിനാണ് അവസാനിച്ചത്. തൂവാനൂർ കറുപ്പംവീട്ടിൽ കുഞ്ഞുമരക്കാറുടെ മകൻ ഉസൈർ പിഎഫ്ഐയുടെ സോണൽ പ്രസിഡന്റായിരുന്നു. എൻഐയുടെ അഞ്ചംഗ സംഘമാണ് ഇവിടെ റെയ്ഡ് നടത്തിയത്.
മലപ്പുറത്ത് ഏഴിടങ്ങളിൽ ആണ് എൻഐഎ റെയ്ഡ് നടത്തിയത്. പിഎഫ്ഐ ദേശീയ ചെയർമാനായിരുന്ന ഒ.എം.എ സലാമിന്റെ സഹോദരൻ ഒ.എം.എ ജബ്ബാറിന്റെ മഞ്ചേരി പട്ടർകുളത്തെ വീട്ടിലും പിഎഫ്ഐ ദേശീയ ട്രെയ്നെർ ആയിരുന്ന ഇബ്രാഹിമിന്റെ പുത്തനത്താണിയിലെ വീട്ടിലും, മുൻ സംസ്ഥാന ചെയർമാനായിരുന്ന പി. അബ്ദുൽ ഹമീദിന്റെ കോട്ടക്കൽ ഇന്ത്യനൂരിലെ വസതിയിലും കോട്ടക്കൽ ചെറുകാവ് സ്വദേശി റഫീഖിന്റെ വീട്ടിലും എൻഐഎ സംഘം റെയ്ഡ് നടത്തി.
കൊണ്ടോട്ടിയിലെ മുജീബ് റഹ്മാന്റെ വീട്ടിലും എൻഐഎ പരിശോധന നടത്തി. ഇയാൾ നേരത്തെ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിൽ പ്രതിയാണ്. വളാഞ്ചേരി സ്വദേശി അഹമദിന്റെ വീട്ടിലും, കാട്ടിപ്പരുത്തിയിലെ മൊയ്ദീൻ കുട്ടിയുടെ വീട്ടിലും പരിശോധന നടന്നു. മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ പരിശോധന നടക്കുകയാണ്. മലപ്പുറം സോണൽ പ്രസിഡന്റ് ആയിരുന്ന നാസർ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. ഇദ്ദേഹം വിദേശത്താണെന്നാണ് വിവരം.
കോഴിക്കോട് ജില്ലയിൽ രണ്ടിടത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടന്നു. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പിഎഫ്ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി.
കോഴിക്കോട് പാലേരിയിലും എൻഐഎ പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കെ. സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടന്നത്. മേപ്പയൂരിലെ അബ്ദുൾ റഷീദ് എന്നയാളുടെ വീട്ടിലും റെയ്ഡ് നടന്നു.
വയനാട്ടിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടന്നു. മാനന്തവാടി താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തിയത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ്.
കണ്ണൂർ സിറ്റിയിലുള്ള പോപ്പുലർ ഫ്രണ്ട് നേതാവ് മുസാഫിർ പൂവളപ്പിലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. പുലർച്ചെ മൂന്നോടെയാണ് റെയ്ഡ് തുടങ്ങിയത്. മട്ടന്നൂർ, വളപട്ടണം, കിഴുത്തള്ളി, കക്കാട്, ന്യൂ മാഹി, കണ്ണൂർ സിറ്റി, അടക്കം ജില്ലയിലെ ഒൻപത് ഇടങ്ങളിലാണ് പരിശോധന.
മറ്റൊരു പേരിലും രൂപത്തിലും പോപ്പുലർ ഫ്രണ്ട് തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ റെയ്ഡ്. നേതാക്കളിൽ പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.
Leave A Comment