കേരളം

ശബരിമല വഴിപാടുകൾക്ക് ഒാൺലൈൻ ബുക്കിങ് ഏർപ്പെടുത്തണം: ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ വഴിപാടുകൾ വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിലൂടെ ബുക്കുചെയ്യാനുള്ള സൗകര്യം മൂന്നുമാസത്തിനുള്ളിൽ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വഴിപാട് നിരക്കുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കണം.

ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും പി.ജി. അജിത്കുമാറുമടങ്ങിയ ദേവസ്വം ബെഞ്ചാണ് ഉത്തരവിട്ടത്. സൗകര്യമൊരുക്കാൻ ടാറ്റ കൺസൽട്ടൻസിക്ക് നിർദേശംനൽകിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

ശബരിമലയിൽ കളഭാഭിഷേകവും തങ്ക അങ്കിച്ചാർത്തും ബുക്കുചെയ്യാമെന്ന് പറഞ്ഞ് ചെന്നൈ സ്വദേശിയിൽനിന്ന് 1.60 ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഹൈക്കോടതി ഉത്തരവ്. ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായ മണികണ്ഠനാണ് വഴിപാട് ബുക്കുചെയ്യാമെന്ന പേരിൽ തട്ടിപ്പുനടത്തിയത്. ഇയാൾ 20 വർഷമായി മകരവിളക്ക് കാലത്തും മാസ പൂജക്കാലത്തും സന്നിധാനത്ത് പി.ഡബ്ല്യു.ഡി. ക്യാമ്പ് ഷെഡ്ഡിൽ അനധികൃതമായി താമസിക്കുകയായിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

Leave A Comment