കേരളം

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള ഡി.ജി.പിമാരുടെ ചുരുക്കപ്പട്ടിക തയ്യാറായി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള ഡി.ജി.പിമാരുടെ ചുരുക്കപ്പട്ടിക തയ്യാറായി. മൂന്ന് പേരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ജയില്‍ മേധാവി കെ. പദ്മകുമാര്‍, അഗ്നിരക്ഷാവിഭാഗം മേധാവി ഷേഖ് ദര്‍വേശ് സാഹേബ്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ് മിശ്ര എന്നിവരാണ് അടുത്ത സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.

യുപിഎസ്സി ചെയര്‍മാന്റെ അധ്യക്ഷതയില്‍  ഡല്‍ഹിയില്‍ ചേര്‍ന്ന സമിതി യോഗമാണ് മൂന്നംഗ ചുരുക്കപ്പട്ടിക അംഗീകരിച്ചത്. ഈ പട്ടിക രണ്ടു ദിവസത്തിനകം സംസ്ഥാന സര്‍ക്കാരിനു കൈമാറും. 

നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ ഡി.ജി.പി അനില്‍കാന്ത് ജൂണ്‍ 30നാണ് വിരമിക്കുന്നത്. ഈ തിയ്യതിക്ക് മുമ്പായി മൂന്ന് പേരടങ്ങുന്ന ചുരുക്കപ്പട്ടികയില്‍ നിന്ന് ഒരാളെ പുതിയ ഡി.ജി.പിയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. സീനിയോരിറ്റി പ്രകാരം ജയില്‍ മേധാവി കെ. പദ്മകുമാറിനാണ് പട്ടികയില്‍ സാധ്യത കൂടുതല്‍.

Leave A Comment