സിപിഎം എസ്എഫ്ഐയ്ക്ക് കുട പിടിക്കുകയാണ്: വി.ഡി. സതീശന്
തിരുവനന്തപുരം: സര്‍ക്കാരിനും എസ്എഫ്ഐയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രഖ്യാപിച്ച ഒരു കാര്യവും ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല. സര്‍ക്കാരിനെതിരേയുള്ള കൂടുതല്‍ അഴിമതി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരും. സിപിഎം എസ്എഫ്ഐയ്ക്ക് കുട പിടിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
തങ്ങള്‍ക്കെതിരേയുള്ള എല്ലാ കേസുകളിലും നിയമ നടപടികളിലും സഹകരിക്കും. യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുന്നതിനുള്ള കഠിനമായ പരിശ്രമം ഇക്കാര്യത്തില്‍ നടത്തുമെന്നും സതീശന് പറഞ്ഞു.
നമ്മുടെ കുഞ്ഞുങ്ങളെയും പ്രായമായവരേയും തെരുവ് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് പിണറായി സർക്കാര്‍. 11 വയസുകാരനെ തെരുവ് നായ കടിച്ചുകീറി. അതേ സ്ഥലത്ത് മറ്റൊരു പെണ്‍കുട്ടിയേയും നായ ആക്രമിച്ചു. എന്നിട്ടും സര്‍ക്കാര്‍ നിഷ്ക്രിയത്വം തുടരുന്നു.
തെരുവ്നായ ശല്യം മുന്‍പ് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ "പട്ടി കടിച്ച കേസാണൊ നിയമ സഭയില്‍ കൊണ്ടുവരേണ്ടത്' എന്നാണ് സര്‍ക്കാര്‍ അന്ന് പരിഹസിച്ചതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നിയമ സഭയില്‍നല്‍കിയ ഒരുറപ്പും പാലിച്ചില്ലെന്നും സതീശന് കുറ്റപ്പെടുത്തി.
എസ്എഫ്ഐ നേതാക്കളെ സിപിഎം പ്രോത്സാഹിപ്പിക്കുന്നു. ആരോപണ വിധേയരൊക്കെ അതാത് സ്ഥാനങ്ങളില്‍ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ എസ്എഫ്ഐ നേതാക്കള്‍ നടത്തിയ എല്ലാ ന്യായീകരണങ്ങളും രണ്ട് സര്‍വകലാശാലകളും കാറ്റില്‍ പറത്തി. ഇനിയും ഒരുപാട് വിവരങ്ങള്‍ പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തില്‍ എംഎസ്എം കോളജ് ഡിപ്പാര്‍ട്ട്മെന്റ് ആളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ട്. കോളജ് സിപിഎം നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് അഡ്മിഷന് നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.
കാലടി സംസ്കൃത സര്‍വകലാശാലയില്‍ സംവരണം അട്ടിമറിച്ചതില്‍ വിസിയുള്പ്പെടെയുള്ളവര്ക്ക് പങ്കുണ്ടെന്ന് സതീശന് ആരോപിച്ചു. എസ്എഫ്ഐ നേതാവ് പി.എം. ആര്‍ഷോ പരീക്ഷ ജയിച്ചതില്‍ എന്‍ഐസിയുവിന് തെറ്റ് പറ്റാം. എന്നാല്‍ ആ തെറ്റെങ്ങനെ മഹാരാജാസിന്റെ വെബ്സൈറ്റില്‍ ആവര്‍ത്തിക്കപ്പെട്ടെന്ന് അദ്ദേഹം ചോദിച്ചു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ജയിച്ച കൗണ്‍സിലറെ മാറ്റിയതടക്കം എല്ലാ കാര്യങ്ങളിലും കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും ആര്‍ക്കും ഒന്നില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്നും സതീശന് മുന്നറിയിപ്പ് നല്കി.
Leave A Comment