കോടിയേരി : പാർട്ടി ആസ്ഥാനത്ത് എത്തിക്കാത്തതിൽ വിശദീകരണവുമായി സി.പി.എം
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാൻ പാർട്ടി ആസ്ഥാനമായ എ.കെ.ജി. സെന്ററിലും തലസ്ഥാനത്തും സൗകര്യമൊരുക്കാത്തതിൽ വിശദീകരണവുമായി സി.പി.എം. മൃതദേഹവുമായി ദീർഘയാത്ര ഒഴിവാക്കണമെന്ന് ഡോക്ടമാർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലേക്ക് കൊണ്ടുപോയതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
മൂന്നുതവണ പാർട്ടി സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പാർട്ടി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കാത്തതിൽ പാർട്ടിക്കുള്ളിൽ വിമർശനമുയർന്നിരുന്നു. പഠനകാലംമുതൽ തിരുവനന്തപുരത്തെത്തിയ കോടിയേരി പാർട്ടി നേതൃതലത്തിലെത്തിയശേഷം മുഴുവൻ പ്രവർത്തനം കേന്ദ്രീകരിച്ചതും ഇവിടെയായിരുന്നു. അസുഖബാധിതതനായതിനുശേഷവും തിരുവനന്തപുരം ജില്ലയിലുടെ ചുമതലയാണ് അദ്ദേഹം ഏറ്റെടുത്തിരുന്നത്.
കോടിയേരിക്ക് അർഹിക്കുന്ന ആദരവോടെയാണ് കേരള ജനത അന്ത്യോപചാരമർപ്പിച്ചതെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു. അദ്ദേഹത്തിന്റ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയരംഗങ്ങളിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കേരളജനതയുടെ പ്രതികരണം. ഇതുമായി സഹകരിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായി സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
Leave A Comment