വ്യവസായ പാർക്കിന് അനുമതി; അറിയില്ലെന്ന് മന്ത്രി പി. രാജീവ്
രുമാലൂർ: ആനച്ചാൽ-വഴിക്കുളങ്ങര റോഡിനു സമീപം കണ്ടൽക്കാട് നിറഞ്ഞ തണ്ണീർത്തടം നികത്തി, വ്യവസായ പാർക്ക് പദ്ധതിക്ക് വ്യവസായ വകുപ്പ് അനുമതി നൽകിയതിനെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി പി. രാജീവ്. കരുമാലൂർ പഞ്ചായത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിൽ ഒരു വ്യവസായ ഗ്രൂപ്പ് തന്നെ സമീപിച്ചപ്പോൾ വ്യവസായ പാർക്കിന്റെ പ്രോജക്ടിനെക്കുറിച്ചു വിശദമായ ചർച്ച നടത്തി റിപ്പോർട്ട് തയാറാക്കാൻ മാത്രമാണു പറഞ്ഞിരിക്കുന്നത്. അനുമതി നൽകിയതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയില്ല. അതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിക്കണം. വ്യവസായ പാർക്കിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് റവന്യു വകുപ്പിന്റെ കീഴിലാണ്. അതിനാൽ റവന്യു വകുപ്പ് പരിശോധന നടത്തി ഭൂമിയുടെ ഘടനയും സ്വഭാവവും കാര്യങ്ങളും കൃത്യമാണെങ്കിൽ മാത്രമേ വ്യവസായ വകുപ്പ് അനുവാദം നല്കുകയുള്ളൂ.
ഉദ്യോഗസ്ഥർ അനധികൃതമായി നികത്താൻ ഒത്താശ ചെയ്തിട്ടുണ്ടെങ്കിൽ റവന്യു വകുപ്പും മറ്റു ബന്ധപ്പെട്ടവരുമാണു നടപടിയെടുക്കേണ്ടത്. കോട്ടുവള്ളി പഞ്ചായത്തിലെ കണ്ടൽക്കാട് നിറഞ്ഞ തണ്ണീർത്തടം നികത്തൽ ചോദ്യം ചെയ്ത സിപിഎം നേതാവിനു മർദനമേറ്റ വിഷയങ്ങളും മറ്റു പ്രതിഷേധങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം വിവാദമായ ആനച്ചാൽ തണ്ണീർത്തടം സ്ഥലം സന്ദർശിക്കുമോ എന്ന മാധ്യമപ്രവർത്തതകരുടെ ചോദ്യത്തിനു മന്ത്രി പ്രതികരിച്ചില്ല.
Leave A Comment