ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കുന്നത് എസ്ഐടി ആണെന്നും പിണറായി വിജയൻ പറഞ്ഞു.
എസ്ഐടിക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടി വരും. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണെന്ന് ചോദിച്ച മുഖ്യമന്ത്രി ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണെന്നും ആരോപിച്ചു. എസ്ഐടി നല്ല നിലയിൽ അന്വേഷണം നടത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ അന്വേഷണത്തിൽ പരാതികളില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നത് തങ്ങൾ മുന്നോട്ടുവെച്ച നിർദേശമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Leave A Comment