കോടതിവിധിയിൽ നിശബ്ദത പാലിച്ച് പ്രതിപക്ഷ കക്ഷികൾ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയില്‍ നിശബ്ദരായി പ്രതിപക്ഷ പാര്‍ട്ടികള്‍. അരവിന്ദ് കെജ്‌രിവാളും ഡി.എം.കെയും രാഹുലിനെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ എന്‍.സി.പിയും ഉദ്ധവ് താക്കറെയുടെ ശിവസേനാ വിഭാഗവും വിഷയത്തില്‍ പ്രതികരിച്ചില്ല. വ്യാഴാഴ്ചയായിരുന്നു അപകീർത്തി കേസിൽ രാഹുലിന് രണ്ടുവർഷത്തെ തടവ് ശക്ഷ നൽകിക്കൊണ്ടുള്ള സൂറത്ത് കോടതിയുടെ വിധിയുണ്ടായത്.
കോണ്‍ഗ്രസുമായി തങ്ങള്‍ക്ക് എതിര്‍പ്പുകളുണ്ടെങ്കിലും ഇത്തരം മാനനഷ്ടക്കേസിലൂടെ രാഹുലിനെ ജയിലിലടയ്ക്കുന്നത് ശരിയല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്ര്യം അപകടത്തിലാണെന്ന് രാഹുലിനെതിരായ വിധിയുടെ പശ്ചാത്തലത്തില്‍ ഡി.എം.കെയും ആരോപിച്ചു. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവും പ്രതികരിച്ചു.
Leave A Comment