ദേശീയം

മുംബൈ ഭീകരാക്രമണത്തിന് മുമ്പ് തഹാവൂർ റാണ പല തവണ കൊച്ചിയില്‍ വന്നു; എന്തിനെന്ന് NIA അന്വേഷിക്കും

തിരുവനന്തപുരം: തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുമ്പോൾ മുംബൈ ഭീകരാക്രമണത്തിന് മുന്‍പായി പ്രതി തഹാവൂര്‍ റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്നത് എന്‍ഐഎ അന്വേഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം.താജ് ഹോട്ടൽ അധികൃതർ പൊലീസിന് റാണ കൊച്ചിയിൽ വന്നിരുന്നത് സംബന്ധിച്ച് വിവരം പൊലീസിന് കൈമാറിയിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റാണ ഒരുപാട് തവണ വന്നുവെന്നും ഇമിഗ്രേഷന്‍ വകുപ്പിൽ അതിനുള്ള തെളിവുകളുണ്ടെന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞു.

ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ തീവ്രവാദത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സെല്ലിന്റെ തലവനായിരുന്നു ബെഹ്‌റ. മുംബൈ ഭീകരാക്രമണത്തിന്റെ മറ്റൊരു സൂത്രധാരനായ ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്ന സംഘത്തില്‍ ബെഹ്‌റയും ഉള്‍പ്പെട്ടിരുന്നു.

നവംബര്‍ പകുതിയോടെ റാണ കൊച്ചിയിലെത്തി. മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിലാണ് താമസിച്ചത്. ഭീകരാക്രമണത്തിന് ശേഷം താജ് ഗ്രൂപ്പ് അവരുടെ ഹോട്ടല്‍ ശൃംഖലകളില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. അതില്‍ റാണയുടെ പേര് ഉണ്ടായിരുന്നു. റാണ എന്തിന് കൊച്ചിയില്‍ വന്നുവെന്ന് എന്‍ഐഎ അന്വേഷിക്കുമെന്നാണ് വിവരം. റാണയുമായുള്ള വിമാനം എത്തിയ ഉടന്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ഇയാളെ എന്‍ഐഎ ഓഫിസില്‍ എത്തിക്കും. നടപടി ക്രമങ്ങള്‍ക്കു ശേഷം പിന്നീട് തിഹാര്‍ ജയിലിലെ അതീവസുരക്ഷാ ബ്ലോക്കിലേക്ക് മാറ്റും.എന്‍ഐഎയുടെ പന്ത്രണ്ടംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരടാണ് സംഘത്തിലുള്ളത്.


Leave A Comment