ഭാരത് ജോഡോ യാത്രാ കണ്ടെയ്നറിൽ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ പരിശോധന
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രാ കണ്ടെയ്നറിൽ ഡൽഹി പോലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്ന് പരാതി. രാഹുൽ ഗാന്ധിയുടെ സഹായി തങ്ങുന്ന കണ്ടെയ്നറിൽ മുന്നറിയിപ്പില്ലാതെ പരിശോധിച്ചു എന്നാണ് പരാതി.
ഹരിയാന സോന സിറ്റി പോലീസിൽ കോൺഗ്രസ് നേതൃത്വം പരാതി നൽകി. ഡിസംബർ 23-നാണ് സംഭവം നടന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര പ്രവേശിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു പരിശോധന നടത്തിയതെന്നാണ് പരാതിയിൽ കോൺഗ്രസ് വ്യക്തമാക്കുന്നത്.
പരിശോധനാ സംഘത്തിൽ മൂന്നു പേർ ഉണ്ടായിരുന്നുവെന്നും രണ്ടു പേർ കണ്ടെയ്നറിന് പുറത്തു നിൽക്കുകയായിരുന്നു എന്നും പറയുന്നു. ഒരാൾ കണ്ടെയ്നറിനുള്ളിൽ കയറി പരിശോധന നടത്തുകയായിരുന്നുവെന്നുമാണ് ആക്ഷേപം.
തുടർന്ന് മൂന്നുപേരെയും പിടികൂടി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിൽ ഏൽപ്പിച്ചു. പിന്നീട് കോൺഗ്രസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവർ ഡൽഹി പോലീസിന്റെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണെന്ന് വിവരം ലഭിച്ചത്.
മുന്നറിയിപ്പില്ലാതെ കണ്ടെയ്നറിൽ കയറി പരിശോധന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. യാത്രയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ പദ്ധതികളെല്ലാം തന്നെ ആസൂത്രണം ചെയ്യുന്ന സഹായിയുടെ കണ്ടെയ്നറിലാണ് പരിശോധന നടന്നത്.
രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇതേ കണ്ടയ്നറിൽ തന്നെയാണ് തങ്ങുന്നത്. ഈയൊരു പശ്ചാത്തലത്തിൽ ഇത്തരമൊരു പരിശോധനയ്ക്ക് പിന്നിൽ ഗൂഡമായ ലക്ഷ്യമുണ്ടെന്ന് ആക്ഷേപമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
കൂടാതെ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്ന ആളുകളെ ഇന്റജിലൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Leave A Comment