അരിക്കൊമ്പൻ നെയ്യാർ വന്യജീവി സങ്കേതത്തിന് സമീപം; നിരീക്ഷണം ശക്തമാക്കി
തിരുവനന്തപുരം: അരിക്കൊമ്പൻ നെയ്യാർ വന്യജീവി സങ്കേതത്തിന് സമീപത്തെത്തിയെന്ന വിവരം ലഭിച്ചതോടെ വനംവകുപ്പ് അധികൃതർ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന വനഭാഗത്തു നിന്നും 25 കിലോമീറ്റർ (ആകാശദൂരം) അകലെയായി കൊന്പൻ നിലയുറപ്പിച്ചിരിക്കുകയാണ്.
ഇതോടെ തമിഴ്നാട് വനംവകുപ്പ് ആറു സംഘങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി കോതയാറും അപ്പർകോതയാറും അടക്കമുള്ള ഭാഗങ്ങളിൽ ക്യാമ്പ് ചെയ്യുകയാണ്. റേഡിയോ കോളർവഴിയുള്ള നിരീക്ഷണങ്ങൾ തമിഴ്നാടുമായി കേരളം പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ട്. നിരീക്ഷണത്തിനുള്ള ആന്റിന തിരുവനന്തപുരം ഡിവിഷന് കൈമാറി.
അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാൻ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകർ അറിയിച്ചു.കളക്കാട്, അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്നുള്ള വനം വകുപ്പു ജീവനക്കാരും വെറ്ററിനറി ഡോക്ടർമാരും അടങ്ങിയ ആറു സംഘങ്ങൾ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലാ ഭരണകൂടങ്ങളുടെ സഹകരണത്തോടെ പൊതുജനങ്ങൾക്ക് സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Leave A Comment