തമ്പാനൂര്‍ സതീഷും, ഉദയനും, പദ്‌മിനി തോമസും, മകനും കോൺഗ്രസ് വിട്ട് ബിജെപിയിൽ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേര്‍ന്നു. ഡിസിസി മുൻ ജനറൽ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, ഉദയൻ, കേരള സ്പോര്‍ട്‌സ് കൗൺസിൽ മുൻ അധ്യക്ഷ പദ്മിനി തോമസ്, മകൻ ഡാനി ജോൺ സെൽവൻ എന്നിവരാണ് ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതുതായി പാര്‍ട്ടിയിൽ ചേരാനെത്തിയവരെ സ്വീകരിച്ചത്.
അധികാര സ്ഥാനം വെച്ച് നീട്ടിയത് കൊണ്ടല്ല കോൺഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നതെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് കൺവീനര്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തുകയാണ്. സിഎഎയുടെ മറവിൽ കുളം കലക്കി മീൻ പിടിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിലേക്ക് വന്നവർക്ക് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നന്ദി പറഞ്ഞു. എൻഡിഎ സര്‍ക്കാരിന്റെയും യുപിഎ സര്‍ക്കാരിന്റെയും കാലത്തെ വികസനം തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താരതമ്യം ചെയ്യപ്പെടുമെന്നും തിരുവനന്തപുരത്തെ വികസനവും തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment