ജോൺ ബ്രിട്ടാസ് സിപിഎം-ബിജെപി ബന്ധത്തിലെ ദല്ലാൾ: ചെന്നിത്തല
കോട്ടയം: സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ. സിപിഎം-ബിജെപി ബന്ധത്തിലെ ദല്ലാളാണ് ബ്രിട്ടാസ് എന്ന് അദ്ദേഹം ആരോപിച്ചു. കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് ലഭിക്കുന്നതിനായി സാധാരണ ഒരു എംപി ഇടപെട്ടപോലെയല്ല പിഎം ശ്രീ പദ്ധതിയിൽ ബ്രിട്ടാസ് ഇടപെട്ടത്. ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ പാലമായി ബ്രിട്ടാസ് പ്രവർത്തിച്ചുവെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. മന്ത്രിയുടെ വെളിപ്പെടുത്തലിന് പല മാനങ്ങളുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് 500 കോടിയുടെ കൊള്ളയാണ് നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് തന്നോട് ഒരു വ്യവസായി ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം തനിക്കറിയാവുന്ന കാര്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തയാറാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണം പുരാവസ്തു എന്ന പേരിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റതായി സംശയിക്കുന്നുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇത്തരം അമൂല്യവസ്തുക്കൾക്ക് വലിയ മൂല്യമാണ് ലഭിക്കുന്നത്. ദേവസ്വം മന്ത്രി വി.എൻ.വാസവൻ രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും വാസവനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തട്ടിപ്പിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണ കൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനും സർക്കാരിനുമുള്ളത്. സിപിഎമ്മിലെ രണ്ട് നേതാക്കൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎമ്മിന് ഭയമാണ്. നടപടിയെടുത്താൽ എ. പത്മകുമാർ പല സത്യങ്ങളും വിളിച്ചുപറയുമെന്ന പേടിയാണ് സിപിഎമ്മിനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Leave A Comment