കൊച്ചിക്ക് ഒരു നീതി, തൃക്കാക്കരയില്‍ മറ്റൊന്ന്; കലാപക്കൊടി ഉയര്‍ത്തി ഉമ തോമസ്
കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. കലാപക്കൊടി ഉയര്‍ത്തി ഉമ തോമസ് എംഎല്‍എ. തൃക്കാക്കര നഗരസഭ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിലെ അതൃപ്തി പരസ്യമാക്കി ഉമ തോമസ് രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ പോര് മുറുകുകയാണ്. തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നാണ് എംഎല്‍എയുടെ പരാതി.
കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവായ റാഷിദ് ആണ് തൃക്കാക്കര നഗരസഭ അധ്യക്ഷനായത്. ഷാജി വാഴക്കാലയുടെ പേര് ഉമ തോമസ് മുന്നോട്ട് വച്ചെങ്കിലും പരിഗണിച്ചില്ല. കൊച്ചി കോര്‍പ്പറേഷനിലേത് പോലെ അധ്യക്ഷ സ്ഥാനം രണ്ടു പേര്‍ക്കായി വീതം വയ്ക്കണമെന്നാണ് ഉമ തോമസിന്റെ ആവശ്യം. കൊച്ചി കോര്‍പ്പറേഷനില്‍ ഒരു നീതിയും തൃക്കാക്കരയില്‍ മറ്റൊരു നീതിയും പറ്റില്ലെന്ന ഉറച്ച നിലപാടിലാണ് ഉമ തോമസ്.
അതേസമയം, കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ഉമ തോമസിന്റെ പരാതിയും എത്തിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ദീപ്തി മേരി വര്‍ഗീസിന് കൊച്ചി മേയര്‍ സ്ഥാനം നിഷേധിച്ചതില്‍ ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.
പരസ്യ പ്രതിഷേധത്തില്‍ നിന്നും പിന്മാറി മേയര്‍ തെരഞ്ഞെടുപ്പില്‍ ദീപ്തി എത്തിയെങ്കിലും ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴും അതൃപ്തിയിലാണ്.
പ്രതിപക്ഷ നേതാവിനും ഡിസിസി പ്രസിഡന്റിനുമെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി എം.ആര്. അഭിലാഷ് രംഗത്തെത്തിയിരുന്നു. ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങളാണ് മേയര്‍ സ്ഥാന നിര്‍ണയത്തില്‍ പ്രതിഫലിച്ചത് എന്നായിരുന്നു അഭിലാഷ് പറഞ്ഞത്.
Leave A Comment