ശബരിമല യുവതീപ്രവേശനം: വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതംഗ ബെഞ്ചിന്‍റെഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുനഃപരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
അതേസമയം, കേസിൽ അമിക്കസ് ക്യൂറിയുടെ വാദം ഏപ്രിൽ 21ന് ആയിരിക്കും. ഏപ്രിൽ 22ന് വാദം പൂർത്തിയാക്കും. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഇതിനായി രൂപീകരിക്കും. അംഗങ്ങളെ ചീഫ് ജസ്റ്റീസ് തീരുമാനിക്കും.
മാർച്ച് 14ന് മുമ്പ് സംസ്ഥാന സർക്കാർ അടക്കമുള്ള എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാനും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
പുനഃപരിശോധനയെ അനുകൂലിക്കുന്നു എന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു. ഒമ്പതംഗ ബെഞ്ചിന്‍റെ വിധിക്കനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച് അന്തിമ വിധി പുറപ്പെടുവിക്കും.
തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. യുവതീപ്രവേശനത്തിന് പുറമേ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മതപരമായ വിഷയങ്ങളും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.
2018 സെപ്റ്റംബർ 28നാണ് യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന് ഹർജികൾ നിർണായകമാകും. 2019ല്‍ രൂപീകരിച്ച ഒന്‍പതംഗ ബെഞ്ചില്‍നിന്ന്, ജസ്റ്റീസ് സൂര്യകാന്ത് ഒഴികെയുള്ള എട്ട് ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.
Leave A Comment