സിനിമ

കാത്തിരിപ്പിന് വിരാമം, പിറന്നാൾ ദിനത്തിൽ മാസായി രജനികാന്ത്; തലൈവർ 170ന് പേരായി

ചെന്നൈ: സിനിമാ ലോകം ആകാംഷയോടെ കാത്തിരുന്ന രജനികാന്തിന്റെ 170മത് ചിത്രത്തിന് പേരായി. വേട്ടയ്യൻ എന്നാണ് ചിത്രത്തിന്റെ പേര്. ഒപ്പം ടൈറ്റിൽ ടീസറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടൈറ്റിൽ അനൗൺസ് ചെയ്തിരിക്കുന്നത്. ടി ജെ ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിൽ ആണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. 

ജയിലർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലും ബച്ചനും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരുന്നു. 

അമിതാഭ് ബച്ചനെ കൂടാതെ ഫഹദ് ഫാസിൽ, മഞ്ജുവാര്യർ, റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രജനികാന്തിനൊപ്പം മഞ്ജുവും ഫഹദും അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്. തിരുവനന്തപുരത്ത് ആയിരുന്നു തലൈവർ 170ന്റെ ഷൂട്ടിങ്ങിന് തുടക്കമായത്. വെള്ളയാണിയിലും ശംഖുമുഖത്തും ആയിരുന്നു ഷൂട്ട്. ശേഷമാണ് മറ്റിടങ്ങളിലേക്കുള്ള ഷൂട്ടിം​ഗ് വ്യാപിപ്പിച്ചത്.

Leave A Comment