കൊടുങ്ങല്ലൂർ ആർക്കൊപ്പം? കണക്കുകൂട്ടലുമായി മുന്നണികൾ
മാള: കൊടുങ്ങല്ലൂരിൽ ഇത്തവണ ശക്തമായ മത്സരം നടന്നതായി വിലയിരുത്തൽ. എൽ ഡി എഫിന് വലിയ മുന്നേറ്റം പ്രവചിച്ചിരുന്ന മണ്ഡലത്തിൽ ശക്തമായ പ്രചാരണത്തിലൂടെ ഒപ്പത്തിനൊപ്പം എത്താനായെന്ന് യു ഡി എഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. പുതിയ വികസനമാതൃകക്ക് വോട്ട് ലഭിച്ചുവെന്നാണ് എൻ ഡി എ നേതാക്കൾ പറയുന്നത്.
കുംഭച്ചൂടിൽ വെന്തുരുകുമ്പോഴും തളരാത്ത പോരാട്ട വീര്യവുമായി പോളിംഗ് ബൂത്തിലേക്ക് കൊടുങ്ങല്ലൂർ ഒഴുകി. അവസാനം കണക്കു കിട്ടുമ്പോൾ 77.57% ആണ് പോളിംഗ് നിരക്ക്. ഇതാരെ പിന്തുണക്കുന്നുവെന്നാണ് ചോദ്യം.
ഇടതുപക്ഷ അനുഭാവം പുലർത്തുന്ന കൊടുങ്ങല്ലൂർ തങ്ങൾ നിലനിർത്തുമെന്ന് എൽ ഡി എഫ് ഉറച്ചു വിശ്വസിക്കുന്നു. വി ആർ സുനിൽകുമാർ നടത്തിയ വികസനപ്രവർത്തനങ്ങൾ കൃത്യമായി പ്രചാരണായുധമാക്കാനും സർക്കാർ നേട്ടങ്ങളെ ബോധ്യപ്പെടുത്താനും കഴിഞ്ഞതായി ഇടതുകേന്ദ്രങ്ങൾ വിലയിരുത്തുന്നു.
വയനാട് ഫണ്ട് തട്ടിപ്പ് കോൺഗ്രസിന് എതിരായി നടത്തിയ മികച്ച പ്രചരണം തന്നെയാണെന്ന് നേതാക്കൾ പറയുന്നു. പ്രത്യേകിച്ച് യു ഡി എഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ തന്നെ വന്ന നിലക്ക് ഫണ്ട് തട്ടിപ്പ് ജനങ്ങൾക്കിടയിൽ ചർച്ചയായി എന്ന് തന്നെയാണ് എൽ ഡി എഫിന്റെ വിശ്വാസം.
എന്നാൽ ഉയർന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് യു ഡി എഫ് നേതാക്കളും. ഇത്തവണ കൊടുങ്ങല്ലൂർ വിജയം ഉറപ്പാണെന്ന് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എല്ലാ പഞ്ചായത്തിലും ലീഡ് നേടുമെന്നാണ് യു ഡി എഫ് നേതാക്കൾ കണക്ക് സഹിതം പങ്കുവെക്കുന്നത്.
ബിജെപി വോട്ടുകൾ എൽ ഡി എഫിലേക്ക് പോയിട്ടില്ലെങ്കിൽ യു ഡി എഫ് കൊടുങ്ങല്ലൂരിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും നേതാക്കൾ സൂചിപ്പിക്കുന്നു. ഡീൽ ആരോപണത്തെ നേരത്തേ തള്ളിയ എൻ ഡി എ നേതൃത്വം കൊടുങ്ങല്ലൂർ വോട്ട് വർധന പ്രതീക്ഷിക്കുന്നുമുണ്ട്.
Leave A Comment