ജനഹിതം

SDPI പിന്തുണയിൽ ചൊവ്വന്നൂരിൽഅടക്കം മൂന്നിടത്ത് UDF പ്രസിഡൻ്റുമാർ, പിന്നാലെ രാജി

തൃശൂർ: എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് അംഗങ്ങൾ പ്രസിഡന്റായ പഞ്ചായത്തുകളിൽ മിനിറ്റുകൾക്കുള്ളിൽ രാജി.

തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തുകളിലാണ് എസ്‌ഡിപിഐ പിന്തുണയിൽ പ്രസിഡന്റായ കോൺഗ്രസ് അംഗങ്ങൾ രാജിവെച്ചത്. തൃശ്ശൂർ ചൊവ്വന്നൂർ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിൽ പ്രസിഡൻ്റായ കോൺഗ്രസ് അംഗത്തോട് രാജിവെക്കാൻ പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

ചൊവ്വന്നൂരിൽ കോൺഗ്രസ് അംഗമായ എം.എ. നിധീഷ് ആണ് എസ്ഡിപിഐ പിന്തുണയിൽ പ്രസിഡന്റ്റായി തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന് അഞ്ച് അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നിധീഷിന് രണ്ട് എസ്ഡിപിഐ അംഗങ്ങളുടെ വോട്ടുകൾ കൂടി ലഭിച്ചു. ഇതോടെയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ഇതിനുപിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ പ്രതിപക്ഷനേതാവിൻ്റെ ഓഫീസിൽനിന്ന് ഡിസിസിയിലേക്ക് നിർദേശമെത്തി.

ഒരുപാർട്ടിയുമായും മുൻധാരണയുണ്ടാക്കിയിട്ടില്ലെന്ന് എം.എം. നിധീഷ് പറഞ്ഞു, ജനാധിപത്യരീതിയിൽ തനിക്ക് വോട്ട് ലഭിച്ചതാണെന്നും ഇനി പാർട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് അംഗമായ എസ്. ഗീതയാണ് പാങ്ങോട് പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയിൽ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ ഇവർ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന യുഡിഎഫ് തീരുമാനത്തെത്തുടർന്നാണ് രാജി. എസ്ഡിപിഐ പിന്തുണച്ചതിൽ യുഡിഎഫ് പ്രാദേശിക നേതാക്കൾക്കിടയിലും തർക്കം ഉണ്ടായിരുന്നു.

പത്തനംതിട്ട കോട്ടാങ്ങലിലും എസ്‌ഡിപിഐ പിന്തുണയിൽ പ്രസിഡന്റായ കോൺഗ്രസ് അംഗം രാജിവെച്ചു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച കെ.വി. ശ്രീദേവിയാണ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജിവെച്ചത്. എസ്‌ഡിപിഐ പിന്തുണയുണ്ടെങ്കിൽ രാജിവെയ്ക്കണമെന്ന് നേരത്തേ യുഡിഎഫ് തീരുമാനിച്ചിരുന്നു. ഇതോടെ കോട്ടാങ്ങൽ പഞ്ചായത്തിൽ ഇത്തവണയും അനിശ്ചിതത്വമായി.

അതേസമയം, യുഡിഎഫ്-എസ്‌ഡിപിഐ നാടകമാണ് നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. നേരത്തേ എൽഡിഎഫും എസ്‌ഡിപിഐയും ചെയ്ത‌തുപോലെ യുഡിഎഫും ആവർത്തിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം മൂന്നുവട്ടമാണ് കോട്ടാങ്ങലിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് അംഗം രണ്ടുവട്ടം എസ്ഡിപിഐ പിന്തുണയിൽ പ്രസിഡന്റായെങ്കിലും രാജിവെച്ചിരുന്നു. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും എസ്ഡിപിഐ പിന്തുണ എൽഡിഎഫിനായിരുന്നു.

Leave A Comment