ഉപ്പിലിട്ട പനിച്ചൂട്: രമ്യ മഠത്തിൽത്തൊടി എഴുതിയ ഓർമ്മക്കുറിപ്പ്
“സിസ്റ്ററേ, ചായ കുടിക്കാൻ വരൂ…”
ആശുപത്രിയിലെ തിരക്കേറിയ ജോലിക്കിടയിൽ സുനജചേച്ചിയുടെ ആ നാലുമണി ചായവിളി എന്റെ കാതുകളിൽ ശ്രുതിമധുരമായൊരു ഗാനംപോലെ പെയ്തിറങ്ങി.
“ആഹാ, ചായ!”
ഞാൻ സന്തോഷത്തോടെ അടുക്കളയിലേക്കു നടന്നു. എപ്പോഴാണ് ഈ ‘ചായപ്രേമം’ എന്നിലേക്ക് വന്നു ചേർന്നത് എന്നറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പ്—എന്റെ കടുത്ത വിഷാദങ്ങളും ഹൃദയവേദനകളും, എന്റെ ഏറ്റവും വലിയ പ്രണയദുഃഖം പോലും ഒരു സിപ്പ് ചായയിൽ ലയിച്ചുപോയിട്ടുണ്ട്. ലോകത്തിലെ സകല സങ്കടങ്ങളെയും നിമിഷനേരം കൊണ്ട് മങ്ങിച്ചുകളയുന്ന ചായയെപ്പോലെ ദിവ്യൗഷധം വേറെയുണ്ടോ?
ഞാൻ പതിയെ ചായ നുണഞ്ഞിറക്കുമ്പോൾ, ഒരു കൂട്ടം അമ്പലപ്രാവുകൾ വരാന്തയിലേക്കു പറന്നെത്തി. പ്രാവുകൾ എന്റെ സന്തതസഹചാരികളാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ല അത്—വർഷങ്ങൾ പഴക്കമുള്ള സൗഹൃദം.
ആ കൂട്ടത്തിനുള്ളിൽ ഒരുപക്ഷികുമാരനെ എന്റെ കണ്ണുകൾ തേടി. കൂടുവയ്ക്കാനുള്ള ചില്ലകൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു അവൻ. പ്രാവുകളുടെ ലോകത്ത് വീടുണ്ടാക്കുന്ന ശില്പികൾ പുരുഷപക്ഷികളാണത്രേ! മുട്ടയിടാനും അടയിരിക്കാനുമുള്ള സുരക്ഷിത ഇടം ഒരുക്കി അവർ കർത്തവ്യം നിർവഹിക്കുന്നു.
പെൺപ്രാവുകൾ വരുംതലമുറയെ ചൂടോടെ കാത്തുസൂക്ഷിക്കുന്നു. പരസ്പരപൂരകമായ സ്നേഹത്തിന്റെയും തുല്യതയുടെയും ഉദാത്ത മാതൃകയാണ് ആ ദാമ്പത്യം. അടുത്ത ജന്മത്തിൽ എങ്കിലും ഒരു അമ്പലപ്രാവായി ജനിക്കണമെന്നൊരു വിചിത്രചിന്ത പോലും എന്നിൽ വിരിഞ്ഞു.
ചായ തീർന്നപ്പോൾ ചിന്തകൾക്കും വിരാമമായി. ചായയും ചിന്തകളും കൈകോർക്കുമ്പോൾ അതിന് വേറൊരു മായാജാലമുണ്ട്.
മടങ്ങാൻ നേരം, സുനജചേച്ചി സ്നേഹത്തോടെ ഒരു ഉപ്പുമാങ്ങാക്കഷണം നീട്ടി. “കുറച്ച് കഴിഞ്ഞാൽ മതി” എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും ആ മാങ്ങാമണം എന്നെ വിട്ടില്ല. മണം ചുറ്റിപ്പിടിച്ചപ്പോൾ ഞാൻ ഒരു നിമിഷം കൊണ്ട് നേഴ്സ് യൂണിഫോമിൽ നിന്ന് പഴയ ആറാം ക്ലാസ്സുകാരിയായി മാറി.
ആരോടും പരിഭവങ്ങളില്ലാതെ പുസ്തകങ്ങളെ പ്രണയിച്ചു നടന്നൊരു പെൺകുട്ടി… തനിക്ക് കിട്ടേണ്ട സ്നേഹം അനിയനിലേക്കു വഴിമാറുമ്പോൾ മൗനത്തിൽ ഒളിച്ചുനിന്ന കുഞ്ഞ്… കുപ്പിവളക്കിലുക്കങ്ങളും മയിൽപ്പീലികളുടെ രഹസ്യങ്ങളും മുല്ലപ്പൂവിന്റെ സുഗന്ധവുമായിരുന്നു ലോകം എന്നു വിശ്വസിച്ച സ്വപ്നസഞ്ചാരിണി.
അന്നൊരു വൈകുന്നേരം ജലദോഷപ്പനി ഇഴഞ്ഞുകയറി. ദിവസങ്ങൾ കടന്നിട്ടും പനി വിട്ടില്ല. ചെവിവേദനയും തൊണ്ടവേദനയും ജീവിതത്തിന്റെ ശാന്തതയെ തകർത്തു. ആശുപത്രികൾ മാറിമാറി കയറിയിറങ്ങിയ ശേഷം ഡോക്ടർ “ടോൺസിലൈറ്റിസ്” എന്ന് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ വേണമെന്ന വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ പേടിയുടെ കൊള്ളിയാൻ മിന്നി.
ഓപ്പറേഷൻ തിയേറ്ററിലേക്കു കൊണ്ടുപോകുമ്പോൾ ഞാൻ ഡോക്ടറുടെ കൈകൾ പിടിച്ചു:
“ഡോക്ടർ… എന്നെ ഒരുപാട് വേദനിപ്പിക്കരുതേ…”
ശസ്ത്രക്രിയ കഴിഞ്ഞു. പക്ഷേ ഒരു മാസത്തെ വിശ്രമം നാലുചുവരുകൾക്കുള്ളിലെ ഏകാന്തതയായി. ജാലകത്തിനപ്പുറം ലോകം കുതിച്ചുപോയി. ഞാൻ മാത്രം നിശ്ശബ്ദതയുടെ തടവറയിൽ.
ആ മൗനത്തിൽ ഞാൻ മരങ്ങളോടും പൂക്കളോടും സംസാരിച്ചു. ഇളംകാറ്റിന്റെ നാട്ടുകഥകൾ കേട്ട് ചിരിച്ചു. പതിയെ പക്ഷികൾ വന്നു ചേർന്നു. പൂത്താങ്കീരികളും കാട്ടുകോഴികളും… എന്നാൽ എന്റെ ഹൃദയം കീഴടക്കിയത് അമ്പലപ്രാവുകളായിരുന്നു.
പ്രതി രാവിലെ അവരെ വരവേൽക്കാൻ ഞാൻ ധാന്യമണികളും വെള്ളവും ഒരുക്കും. നവവധുവിനെപ്പോലെ മുടി ചീകിക്കെട്ടി ഉമ്മറത്ത് കാത്തിരിക്കും. പത്തുമണിയോടെ ചിറകടിയൊച്ചകളോടെ അവർ എത്തും. ധാന്യമണികൾ കൊത്തിക്കൊണ്ടിരിക്കെ എന്റെ സങ്കടങ്ങളും അവർ കൊത്തിപ്പറത്തി കൊണ്ടുപോകുന്നുവെന്നൊരു തോന്നൽ. അവർ പറന്നുയരുമ്പോൾ ഉള്ളിൽ ശൂന്യത പടരും.
കാലം മുന്നോട്ടുപോയി. ഞാൻ വീണ്ടും സ്കൂളിലേക്കു മടങ്ങി. എന്നാൽ ആ ചിറകടിയൊച്ചകൾ ഇന്നും നിലച്ചിട്ടില്ല. ഞാൻ വീട്ടിലുണ്ടാകുമ്പോഴൊക്കെ പഴയ ആറാം ക്ലാസ്സുകാരിയുടെ കൗതുകത്തോടെ അവർക്കു അരിയും വെള്ളവും വിളമ്പുന്നു. പ്രകൃതിയിലും നമ്മെ തേടി വരുന്ന സൗഹൃദങ്ങളുണ്ടെന്ന് പഠിപ്പിച്ചത് ആ പ്രാവുകളാണ്.
ശസ്ത്രക്രിയയ്ക്കുശേഷം ഭക്ഷണം ഇറക്കാനാവാതെ തളർന്നിരുന്ന ദിവസങ്ങളിൽ, എന്റെ മനസ്സും നാവും ഒരുപോലെ കൊതിച്ചതായിരുന്നു അമ്മയുടെ ഉപ്പുമാങ്ങ. “എനിക്ക് ഉപ്പുമാങ്ങ വേണം” എന്ന് ഞാൻ കരഞ്ഞു. അത് മാങ്ങക്കാലമല്ലായിരുന്നു. എന്നിട്ടും അച്ഛൻ കടകളിൽ കയറിയിറങ്ങി. ഒടുവിൽ ഒരു കടയിൽനിന്ന് മാങ്ങ കിട്ടി.
ആ രാത്രിയിൽ അച്ഛൻ വീട്ടിലേക്കു കയറിവന്നത് മരുന്നുകളുമായല്ല, എന്റെ കൊതിയുമായായിരുന്നു. അമ്മ അത് ഭരണിയിലിട്ട് ഉപ്പിലിട്ടു. രണ്ടു ദിവസത്തിനു ശേഷം ആ ഉപ്പുമാങ്ങ ചോറിനൊപ്പം കഴിക്കുമ്പോൾ എന്റെ ഉള്ളിൽ ഒരായിരം അമ്പലപ്രാവുകൾ ചിറകടിച്ചു.
ആ മാങ്ങയുടെ മണം വർഷങ്ങളോളം എന്റെ ശ്വാസത്തിൽ നിലനിന്നു. പിന്നീട് എത്ര മാങ്ങ കഴിച്ചാലും അന്നത്തെ രുചി ഒരിക്കലും ആവർത്തിച്ചില്ല.
ഇന്ന്, ആശുപത്രിവരാന്തയിൽ സുനജചേച്ചി തന്ന ചെറിയ മാങ്ങാക്കഷണത്തിന് ആ പഴയ ഉപ്പുമാങ്ങയുടെ അതേ മണം. അതേ രുചി.
“ചേച്ചി… നിങ്ങൾ ഉപ്പിലിട്ടത് മാങ്ങയാണോ, അതോ എന്റെ ജീവിതാനുഭവങ്ങളോ?”
ഞാൻ ചോദിച്ചു.
ചേച്ചി ചിരിച്ചു. “കിളിമൂർഖൻ മാങ്ങയാണ് സിസ്റ്ററെ…”
ശരി. ചേച്ചി ഉപ്പിലിട്ടത് മാങ്ങയാണ്.
എന്നാൽ എനിക്ക് അത് ഉപ്പിലിട്ട ഓർമ്മക്കാലം.
ഈ ഉപ്പിലിട്ടുവെയ്ക്കൽ വലിയൊരു കലയല്ലേ?
എന്നാൽ എന്റെ ചേച്ചി… നിങ്ങൾ എങ്ങനെയാണ് എന്റെ ഓർമ്മകളെ ഇത്ര മനോഹരമായി ഉപ്പിലിട്ടു വെച്ചത്?
രമ്യ മഠത്തിൽത്തൊടി
പാലക്കാട് ജില്ലയിലെ കോട്ടപ്പുറം സ്വദേശി.
ആനുകാലികങ്ങളിലും, നവമാധ്യമങ്ങളിലും എഴുതുന്നു. ഐ.എസ്.എം ഡിപ്പാർട്ട്മെന്റിൽ ആരോഗ്യപ്രവർത്തകയായി ജോലിചെയ്തുവരുന്നു.
Leave A Comment