ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രം
വാൽക്കണ്ണാടി
കേരളത്തിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രം . ഇരിങ്ങാടി കൂടൽ 32 നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നാണ്. ഇത് ഗ്രാമ ക്ഷേത്രമാണെന്ന് കരുതുന്നു. പ്രധാന മൂർത്തി ഭരതനാണ്. ത്യഗത്തിന്റെയും ആത്മ ബലിയുടെയും സഹോദര സ്നേഹത്തിന്റെയും ഉത്തമ പ്രതീകമാണ് ഭരതൻ രാമ മന്ത്രം ജപിച്ച് തപസ്സനുഷ്ടിക്കുന്ന ഭരതൻ എന്ന് സങ്കല്പം. വിഗ്രഹത്തിന് ആറടി ഉയരമുണ്ട്. ശിലാവിഗ്രഹമാണ്. നാലു കൈയുണ്ട്. വലതു കൈയിലൊന്നിൽ കോദണ്ഡം. ഇതിന്റെ അറ്റം താഴെയുള്ള പീഠത്തിൽ സ്പർശിച്ചിട്ടുണ്ട്.
രണ്ടാമത്തെ വലതു കൈ അഭയമുദ്രാങ്കിതമാണ്. ഉയർത്തിപ്പിടിച്ചുള്ള ഇടത്തെ കയ്യിൽ ചക്രം. തുടയോടുചേർത്ത് വച്ചിരിക്കുന്നതിൽ ശംഖാണ്. മരത്തകപ്പതക്കവും പൊന്മാലകളും അണിഞ്ഞിട്ടുണ്ട്. ജടാഭാരത്തിനു മുകളിലൂടെ അണിഞ്ഞിരിക്കുന്ന താമരമാല ഇരുവശത്തുമുള്ള കൈകൾക്കിടയിലൂടെ പീഠം വരെയുണ്ട്. കിഴക്കോട്ടാണ് ദർശനം.
കേരളത്തിൽ ആറ് തന്ത്രിമാർ ഉള്ള ഏക ക്ഷേത്രം
മൂന്ന് പൂജയാണുള്ളത്. ഉഷ പൂജയും പന്തീരടി പൂജയുമില്ല. എതിർത്ത പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിവ മാത്രം. തുലാ മാസത്തിലെ തിരുവോണം നാളിൽ തൃപ്പുത്തരി ദിവസം മാത്രം പൂത്തിരി പൂജ കൂടിയുണ്ടാകും. കുറുമ്പ്ര നാട്ടിൽ നിന്നും വന്ന പുത്തില്ലത്തിന് കാരാണ്മയാണ് മേൽ ശാന്തി സ്ഥാനം. നേരത്തെ പുലാക്കുടി ഇല്ലത്തിനായിരുന്നു എന്ന് പഴമയുണ്ട്. പുറപ്പെടാ ശാന്തിയാണ്. അണിമംഗലം, നടുവം, പാറപ്പുറം, കുന്നം എന്നിവർക്കാണ് കീഴ്ശാന്തി കാരാണ്മ. നടുവം അന്യം നിന്നതിനാൽ എടശ്ശേരിക്ക് ലഭിച്ചു.
മടക്കാടാണ് പാരികർമ്മി. കോളോം, കിട്ടാത്തത്, ചിറയത്ത്, പട്ടോല, തുരുത്തിക്കാടു മേനോൻ എന്നിവരാണ് മൂത്തേടത്തുമാർ എന്നും പഴമയുണ്ട്. ആദ്യം 2 താന്ത്രിമാരായിരുന്നു. തരണനെല്ലൂരും അണിമംഗലവും ഓതിക്കോനായിരുന്ന വേളൂക്കര നഗര മണ്ണിനും പിന്നീട് തന്ത്രി സ്ഥാനം ലഭിച്ചു. തരണനെല്ലൂർ ഇല്ലം നാലായതിനാൽ ഇപ്പോൾ ആറ് താന്ത്രിമാരാണ് ഉള്ളത്. കേരളത്തിൽ ആറ് തന്ത്രിമാർ ഉള്ള ഏക ക്ഷേത്രമാണിത്. കൂടൽ മാണിക്യം ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും വാതിൽ മഠത്തിൽ തെക്കും വടക്കും ദുർഗയും ഭദ്രകാളിയും ഉണ്ടെന്ന് സങ്കല്പം.

ദുർഗ്ഗക്കും ഭദ്രകാളിക്കും ഉത്സവ കാലത്ത് മാത്രമാണ് നേദ്യം. താമരയും തെച്ചിയും തുളസിയും മാത്രമേ ക്ഷേത്രത്തിൽ ഉപയോഗിക്കൂ. ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന നളചരിതം കർത്താവായ ഉണ്ണായി വാര്യർക്ക് പൂക്കൾ കൊണ്ട് മാലയിൽ സ്തോത്രങ്ങൾ കെട്ടിയുണ്ടാക്കുന്ന അമ്പരിപ്പിക്കുന്ന വിനോദമുണ്ടായിരുന്നു. നാരായണീയത്തെ അനുകരിച്ച് രാമ പഞ്ച ശതി രചിച്ച ഉണ്ണായി വാരിയർ ക്ഷേത്രത്തിനു തെക്കു ഭാഗത്തുള്ള അകത്തൂട്ട് തെക്കേ വാരിയത്തിലെ അംഗമായിരുന്നു എന്ന് വിശ്വസിക്കുന്നു.
കൂടൽ മാണിക്യത്തിലെ മൂർത്തിയെ ശ്രീരാമനായിട്ടാണ് രാമ പത്മ ഗതിയിൽ സങ്കല്പിച്ചിട്ടുള്ളത്. രാപ്പാൾ പാട്ട പ്രവൃത്തിയിൽ നെന്മണിക്കര വില്ലേജിൽ ഇരുപത് പറക്കു നിലം അകത്തൂട്ട് വാരിയത്തിന് നൽകിയത് ഉണ്ണായി വാരിയർക്കാണെന്ന് സംശയമുണ്ട്. തമിഴ്‌നാട്ടിലെ കളക്കാട് ദേശത്ത് 915 -ൽ തിരുവിതാംകൂർ രാജാവും വാര്യർക്ക് സ്ഥലം നൽകിയെന്നും പഴമയുണ്ട്. അകത്തൂട്ട് വാരിയം പിന്നീട് അന്യം നിന്നു പോയി.
ക്ഷേത്രവുമായി ബന്ധപ്പെട്ട് അഞ്ചു കുളങ്ങൾ
കൂടൽ മാണിക്യം ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ കൂട്ടു പായസം, വെള്ള നിവേദ്യം, വഴുതന നിവേദ്യം, അംഗുലീയാങ്കം കൂത്തും എന്നിവയാണ്. കൂത്തിന് അവകാശം അമ്മന്നൂർ ചാക്യാർക്കാണ്.
ഇടവ മാസത്തിലെ ഉത്രാടം നാൾ മുതൽ നാൽപ്പത് ദിവസമാണ് ചാക്യാർ കൂത്ത്. 28 ദിവസം പ്രബന്ധവും 12 ദിവസം അങ്കുലീയാങ്കവും നടക്കും. ഇവിടെ നെയ്യാടി സേവയുമുണ്ട്. മഴ പെയ്യാനും പെയ്യാതിരിക്കാനും താമര മാല വഴിപാടുണ്ട്. തൃപ്പുത്തരിക്ക് പിറ്റേ ദിവസം കുട്ടഞ്ചേരി മൂസ് കൊണ്ടു വരുന്ന മുക്കുടി നേദ്യവും ക്ഷേത്രത്തിലുണ്ട്. ഇത് പ്രസിദ്ധമായ ഒരു മരുന്നാണ്. മുക്കുടിക്ക് വല്യ ജനത്തിരക്കുണ്ടാകും.
കൂടൽ മാണിക്യ ക്ഷേത്രം പത്ത് ഏക്കർ സമ ചതുരമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. രണ്ടു നില വട്ട ശ്രീകോവിലും നാലമ്പലങ്ങളുമുണ്ട്. പൂജ വിഷ്ണുവിനാണെങ്കിലും നാലമ്പലത്തിൽ ശിവക്ഷേത്രങ്ങളെപ്പോലെ അപൂർവ്വ പ്രദക്ഷിണമാണുള്ളത്. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് പ്രദക്ഷിണം വയ്ക്കാനുള്ള സ്ഥലമൊഴിച്ച് ബാക്കി മുഴുവൻ ദീർഘ ചതുരാകൃതിയിലുള്ള കുളമാണ്. ഇത് കപില തീർത്ഥമായി അറിയപ്പെടുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട് അഞ്ചു കുളങ്ങൾ കൂടിയുണ്ട്. പുറത്ത് കിഴക്കു ഭാഗത്ത് കുട്ടംകുളം, വടക്കു കിഴക്കേ മൂലയിൽ ബ്രഹ്മസ്വം മഠം കുളം, പടിഞ്ഞാറ് ഭാഗത്ത് താമരക്കുളം, കിഴക്കുതെക്കും തെക്കുപടിഞ്ഞാറുമുള്ള കുളങ്ങൾ. ശാന്തിക്കാരൻ പുറത്തെ കുളത്തിലും അകത്തെ തീർത്ഥ കുളത്തിലും കുളിക്കണമെന്നാണ് ആചാര നിഷ്ഠ. തീർത്ഥക്കുളത്തിൽ ശാന്തിക്കാരനല്ലാതെ മറ്റാരും കുളിക്കരുതെന്ന് വ്യവസ്ഥയുണ്ട്. തീർത്ഥക്കുളത്തിലെ വെള്ളമാണ് നേദ്യത്തിനും അഭിഷേകത്തിനും ഉപയോഗിക്കുന്നത്. ക്ഷേത്ര പ്രവേശന വിളംബരത്തിനു മുൻപ് തുലാമാസത്തിലെ കറുത്ത വാവ് ദിവസം ഭക്ത അജനങ്ങളെ ഈ കുളത്തിൽ കുളിക്കാൻ അനുവദിച്ചിരുന്നുവത്രെ. കുളത്തിൽ മീനൂട്ട് വഴിപാടുണ്ട്.
ഭരതൻ എന്ന സംഗമേശ്വരൻ
മേട മാസത്തിലെ ഉത്തരം നാളിൽ കൊടിയേറി തിരുവോണ നാളിൽ ആറാട്ടായി ഉത്സവം ആഘോഷിക്കുന്നു. ഇത് കൊല്ല വർഷം 944 -ൽ തുടങ്ങിയതാണെന്ന് കരുതുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിൽ 21 ആനകൾക്കും 200 മേളക്കാർക്കും ഒരേ സമയം നിൽക്കാനാകും. തിടമ്പേറ്റുന്ന ആനപ്പുറത്ത് മേൽ ശാന്തിയും കീഴ് ശാന്തിയും മാത്രമേ കയറൂ. ഈ ആനക്ക് ഇരു വശത്തും കുഴിയാനയെ നിർത്തുന്ന ആചാരവുമുണ്ട്.

939 -ൽ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തിരുവിതാംകൂർ മഹാരാജാവിന്റെ ദർശന കാണിക്കയായി നിർമ്മിച്ചതാണ് ക്ഷേത്രത്തിലെ കൂത്തമ്പലം. 943 -ൽ പണി പൂർത്തിയായ ഇതിന്റെ മേൽനോട്ടം വഹിച്ചത് കൊച്ചിയിലെ മന്ത്രി പാലിയത്ത് ഗോവിന്ദനച്ഛനാണ്. പടയോട്ട കാലത്തെ അഗ്നി ബാധക്ക് ശേഷം വീണ്ടും നിർമ്മിച്ചതാണ് ഇപ്പോഴത്തെ കൂത്തമ്പലം. ക്ഷേത്രം 939 ൽ പുതുക്കിപ്പണിയുന്നതിന് 16000 രൂപയും 1200 കണ്ടി തെക്കും കൊച്ചി രാജാവ് ചെലവഴിച്ചിരുന്നു. ആക്രമണത്തിൽ പിന്നീട് തകർക്കപ്പെട്ട ക്ഷേത്രം ശക്തൻ തമ്പുരാന്റെ കാലത്താണ് ജീർണ്ണോദ്ധാരണം നടത്തിയത്.

ശ്രീകോവിലും വിളക്കുമാടവും കൂത്തമ്പലവും പണി തീർത്തത് തിരുവിതാംകൂർ മഹാരാജാവിന്റെ വകയായിട്ടാണ്. ക്ഷേത്രത്തിലെ ബിംബം 992 ൽ മാറ്റി കലശം നടത്തിയിരുന്നു. നിരവധി ചരിത്ര നിഗൂഢതകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് കൂടൽ മാണിക്യ ക്ഷേത്രം. ഇവിടുത്തെ പ്രധാന മൂർത്തിയായ ഭരതൻ എന്ന സംഗമേശ്വരൻ ശൈവനെന്നും വൈഷ്ണവനെന്നും പറയാവുന്ന ദേവനാണ്.
മാണിക്യം എന്ന വിശേഷണം
ഈ ക്ഷേത്രത്തിന്റെ മാണിക്യം എന്ന വിശേഷണം ജൈനരിൽ നിന്നും വന്നതാണോ ശിവനിൽ നിന്നും വന്നതാണോ എന്നത് വ്യക്തമല്ല. ജൈന ക്ഷേത്രമായിരുന്നെങ്കിൽ ഈ മതം ക്ഷയിക്കുന്ന കാലത്ത് വീര ശൈവർ കൈവശപ്പെടുത്തുകയും പിന്നീട് ഈ ശൈവരെയും വൈഷ്ണവരെയും ജൈന മതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് വന്നവരെയും തൃപ്തിപ്പെടുത്താൻ കൂടൽ മാണിക്യം സംഗമേശ്വരൻ എന്ന ക്ഷേത്രമായി മാറ്റിയിരിക്കുവാൻ സാധ്യതയുണ്ട്.
വാക്കയിൽ കൈമൾക്ക് കടപ്പുറത്ത് നിന്നും കിട്ടിയ വിഗ്രഹങ്ങളിൽ ഒന്ന് ഇരിങ്ങാലക്കുടയിൽ പ്രതിഷ്ഠിച്ചു എന്ന് മറ്റൊരു ഐതിഹ്യമുണ്ട്. വിഗ്രഹം മാറ്റി കലശം നടന്ന കാലത്ത് വാക്കയിൽ കൈമൾ നൽകിയ വിഗ്രഹം പ്രതിഷ്ടിച്ചതാകാം .പെരുമാക്കന്മാരുടെ കാലത്ത് സ്ഥാപിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം ശൈവ വൈഷ്ണവ ഏകീകരണ കാലത്ത് സംഗമേശ്വരൻ ആയി മാറിയത് ആയിരിക്കാം കൂടുതൽ സാധ്യത.
ശൈവന്മാർ പല വിഭാഗക്കാരായതിനാലായിരിക്കാം ഈ കാലത്ത് ഇതിനടുത്ത ഗ്രാമമായ പെരുവനത്ത് ഇരട്ടയപ്പനും തൃശൂരിൽ ശങ്കരനാരായണനും പ്രധാന മൂർത്തികളായി പ്രതിഷ്ഠിക്കപ്പെട്ടത്. ഇരിങ്ങാലക്കുട ഗ്രാമത്തിൽ വൈഷ്ണവർക്കായിരുന്നു പ്രാധാന്യം. കാഞ്ചിയിൽ നിന്നും വന്ന തരണനെല്ലൂർ തന്നെയായിരിക്കണം ഇതിനു കാരണം. ഇരിങ്ങാലക്കുട ഗ്രാമത്തിലെ ഗ്രാമ ക്ഷേത്രം ആദ്യം മുകുന്ദപുരം മുച്ചുകുന്ദപുരം ആയിരുന്നു എന്ന് തോന്നുന്നു. പിന്നീട് ഏകീകരണ കാലത്ത് ഈ കൂട്ടരെയും സംയോജിപ്പിക്കാനാണ് നിരവധി ചിട്ടകൾ കാടായി മാണിക്യത്തിൽ വരുത്തിയിരിക്കുന്നതെന്ന് അനുമാനിക്കാം.

വിഷ്ണു പൂജയാണെങ്കിലും ശിവ ക്ഷേത്രത്തിലേതു പോലെ അപൂർണ്ണ പ്രദക്ഷിണം, രണ്ടു നാലമ്പലം, ഉത്സവ എഴുന്നള്ളിപ്പിന്റെ പേര് ശിവബലി മണ്ഢപത്തിൽ ഇരു കൂട്ടർക്കും അതിർത്തി തിരിക്കാൻ കല്ല്, ഒന്നിടവിട്ട വർഷങ്ങളിൽ ഒന്നിടവിട്ട പുഴകളിൽ ആറാട്ട്, ആറാട്ട് നടക്കുന്ന രാപ്പാലിൽ ശ്രീകൃഷ്ണനും കൂടപ്പുഴയിൽ ശിവനുമാണ് മൂർത്തികൾ.
അറിയപ്പെടുന്ന കാലത്ത് ഇരിങ്ങാലക്കുട ഗ്രാമത്തിലെ 42 ഇല്ലക്കാരുടെ സഭ യോഗത്തിന്റെ ക്ഷേത്രമായിരുന്നു കൂടൽമാണിക്യം. ഇവരിൽ ഒൻപത് പേരാണ് ഊരാളന്മാർ, ഇതിൽ ഒരു സ്ഥാനം കൊച്ചി മഹാരാജാവിനുണ്ടായിരുന്നു.
ഊരാണ്മക്കാരും യോഗക്കാരും തമ്മിൽ തർക്കം ഉണ്ടായപ്പോൾ ഊരാളന്മാരുടെ മണ്ഡലത്തിൽ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോഴാണ് മണ്ഡപത്തിൽ കല്ലിട്ടതെന്നും ഒരു പുരാവൃത്താന്തമുണ്ട്. ഈ ലഹളയെ തുടർന്ന് അന്തർ ജനങ്ങൾക്ക് ക്ഷേത്രത്തിൽ പോകാൻ വിലക്കുണ്ടായതെന്നും പറയപ്പെടുന്നു. ഭരതൻ എന്ന ആദ്യ മൂർത്തി നഗ്നനായിരുന്നതു കൊണ്ടായിരുന്നു എന്നും അഭിപ്രായമുണ്ട്.
ക്ഷേത്രവും സങ്കേതവും
എ ഡി 1337ന് മുൻപ് ക്ഷേത്രത്തിൽ പുറക്കോയ്മ പെരുമ്പടപ്പിനും അകക്കോയ്മയും മേൽക്കോയ്മയും അയിരൂർ സ്വരൂപത്തിനുമായിരുന്നു. എന്തായാലും എ.ഡി 517 ൽ കായംകുളം, രാജാവിനെ കോയ്മയായി നിശ്ചയിച്ചിരുന്നത് കൊണ്ടാണ് പ്രതിനിധിയാക്കി തച്ചുടമ കൈമൾ ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ എത്തുന്നത്. ക്ഷേത്രത്തിന്റെ ഗർഭ ഗൃഹം നിർമിക്കുന്നതിന് തച്ചുടയ കൈമളെ നിശ്ചയിക്കുന്ന വ്യവസ്ഥയാണ് കരാറിൽ പ്രധാനമായും ഉണ്ടായിരുന്നതത്രേ.
ഗർഭ ഗൃഹം പണിയയുക എന്നാൽ ക്ഷേത്രം ആകെ പുതുക്കി പണിയുകയാണ്. പ്രതിഷ്ഠ സമയത്ത് വിഗ്രഹത്തിൽ പതിക്കാൻ അപൂർവ്വമായ മാണിക്യ രത്നവും നൽകിയാണ് കായംകുളം രാജാവ് കൈമളെ പ്രതിനിധിയായി നിയോഗിച്ചതെന്നും പറയുന്നു. മാണിക്യം ആക്രമണ കാലത്ത് കളവുപോയി എന്നും പഴമയുണ്ട്. ഈ സമയത്ത് അയിരൂർ സ്വരൂപത്തിന്റെ മന്ത്രിയായിരുന്ന വാക്കയിൽ കൈമൾ പുതിയ വിഗ്രഹം പണിത് കൊടുത്തിട്ടുണ്ടാകാം.

വൈഷ്ണവനായ തരണനെല്ലൂരിന്റെ നേതൃത്വത്തിൽ പ്രതിഷ്ഠയും നടത്തിയിരിക്കാം. ഈ സമയത്ത് ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ശാസ്താ പ്രതിഷ്‌ഠ ആറേശ്വരത്തേക്കു മാറ്റിയതെന്നും സംശയമുണ്ട്. ഈ കൈമൾ 559 ൽ മരിച്ചു. രണ്ടാമത്തെ കൈമൾ 85 കൊല്ലം കഴിഞ്ഞാണ് അവരോധിക്കപ്പെടുന്നത്. ഈ കൈമൾ ബ്രഹ്മചര്യം അനുഷ്‌ഠിക്കാത്തതിനാൽ 684 ൽ ഭ്രഷ്ടനാക്കപ്പെട്ടു. അദ്ദേഹത്തെ പോട്ടയിലേക്കാണ് മാറ്റിയത്.
പിന്നീട് 250 കൊല്ലം കൈമൾ ഉണ്ടായിരുന്നില്ല. 903 ലാണ് മൂന്നാമത്തെ കൈമൾ വരുന്നത്. അദ്ദേഹം 958 ൽ മരിച്ചു. കായംകുളം ഇതിനിടയിൽ തിരുവിതാംകൂറിൽ ലയിച്ചു. അതിനാൽ കൈമളെ നിയോഗിക്കാനുള്ള അംഗീകാരവും തിരുവിതാംകൂറിനായി. നാലാമത്തെ കൈമളെ 983 ൽ നിയോഗിക്കപ്പെട്ടു. തിരുവിതാം കൂറിനായിരുന്നു ഇതിനുള്ള അംഗീകാരം. അതുവരെ കൈമളുകളുടെ അവരോധിതാധികാരം കൊച്ചിക്കായിരുന്നു. ഈ കൈമൾ 1026 ലാണ് മരിക്കുന്നത്. ഇദ്ദേഹത്തിന്റെ കാലത്താണ് ആലോചിക്കാതെ ബിംബം മാറ്റി പ്രതിഷ്ഠിച്ചു എന്ന പരിഭവം ഉണ്ടായത്.

993 ലെ ആറാട്ടിന് 300 പോതന വെളിച്ചെണ്ണ,100 തുലാം ശർക്കര,400 റാത്തൽ പഞ്ചസാര,അഞ്ചു മൂട കടുക്, ലയത്തിൽ മുപ്പതിട ആഴി മുതിര എന്നിവ ചെലവ് വന്നതായി രേഖയുണ്ട്.1056 ൽ വന്ന അത്ത കൈമൾ 1087 ൽ മരിച്ചു. ഈ കൈമളുടെ അവരോധ ചടങ്ങിൽ കൊച്ചി മഹാരാജാവ് വിട്ടു നിന്നു. ക്ഷേത്രവും അതിനോടു ചേർന്ന സങ്കേതവും അദ്ധ്യാത്മികതയും ഭൗതികവുമായ അംഗീകാരത്തോടെ കൈമളാണ് ഭരിച്ചിരുന്നത്. കൂടൽ മാണിക്യം ക്ഷേത്രം ഇപ്പോൾ സർക്കാർ നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ്.
തയ്യാറാക്കിയത് - സുരേഷ് അന്നമനട
Leave A Comment