വാല്‍ക്കണ്ണാടി

കേരള ഗ്രന്ഥശാല ദിനം

വാൽക്കണ്ണാടി 

ലയാളികളുടെ സാംസ്‌കാരിക ജീവിതത്തിന്റെ പ്രതിഫലനമാണ് ഗ്രന്ഥ ശാലാപ്രസ്ഥാനം. ഒരു ജനതയുടെ സാമൂഹിക സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഭാഗമായി രൂപപ്പെട്ട കേരളം ഗ്രന്ഥശാല സംഘം ജനാധിപത്യ അടിത്തറയിൽ വളർന്നു വികസിച്ചതാണ്.  കേരളത്തിലേതു പോലൊരു ഗ്രന്ഥശാല പ്രസ്ഥാനം ഇന്ത്യയിൽ മറ്റൊരു സംസ്‌ഥാനത്തും ഇല്ലതന്നെ.  കേരളത്തിലെ ഉയർന്ന സാക്ഷരതക്കും സാംസ്‌കാരിക വളർച്ചക്കും ജനകീയ അടിത്തറക്കും മത സൗഹാർദ്ദത്തിനും അടിസ്‌ഥാനമായത്‌ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനമാണ്. 

ആദ്യത്തെ ഗ്രന്ഥശാല
 
ന്നത്തേതുപോലെ സംഘടിതമായ ഒരു പ്രസ്ഥാനമാകുന്നതിന് വളരെ മുമ്പു തന്നെ തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഗ്രന്ഥശാലകൾ പ്രവർത്തിച്ചു തുടങ്ങി. ക്രാന്തദർശിയായ സ്വാതിതിരുനാൾ മഹാരാജാവ് ഭരണമേറ്റ തിരുവനന്തപുരം പബ്ലിക് ലൈബ്രറി 1826-ൽ സ്ഥാപിച്ചതോടെ തിരുവിതാംകൂറിൽ പൊതു ഗ്രന്ഥശാലകൾക്കു തുടക്കമായി. തിരുവിതാംകൂറിലെ ഗ്രന്ഥശാല പ്രവർത്തനത്തിനു രാജ ഭരണത്തിന്റെ ജനകീയ അടിത്തറയുണ്ടായിരുന്നു.  ആദ്യത്തെ ഗ്രന്ഥശാല 1894-ൽ സ്ഥാപിതമായ വഞ്ചിയൂർകുന്നിൻപുറത്തു സുഗുണ പോഷണിയാണ്. തുടർന്ന് 1910-ൽ നെയ്യാറ്റിൻകര ജ്ഞാനപ്രദായിനി ഗ്രന്ഥശാലയും തിരുവനന്തപുരത്ത് ശ്രീ ചിത്തിര തിരുനാൾ ഗ്രന്ഥശാലയും സ്ഥാപിതമായി.  ഗ്രന്ഥശാലകളുടെ എണ്ണം കൂടിയതോടെ ഗ്രന്ഥശാല സമ്മേളനങ്ങൾ നടന്നു.  ഗ്രന്ഥശാലകൾക്കു ധനസഹായം ചെയ്യാൻ 1934-ൽ സർക്കാർ തയ്യാറായി.  

കൊച്ചിയിൽ ഗ്രന്ഥശാല പ്രവർത്തനമാരംഭിക്കുന്നത് ദേശീയ പ്രസ്ഥാനത്തിന്റെ രണ്ടാം ഘട്ടത്തിലാണ്.  ചെറായി,  കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ 1914-ൽ പബ്ലിക് ലൈബ്രറികൾ സ്ഥാപിതമായതോടെ കൊച്ചിയിലും ജനകീയ ഗ്രന്ഥശാലാ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.  മലബാറിൽ ജനകീയ ഗ്രന്ഥശാല പ്രസ്ഥാനം ദേശീയ ബോധത്തിന്റെ തീച്ചൂളയിലാണു രൂപംകൊണ്ടത്.  ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന മലബാറിലെ ജനതയുടെ സ്വതന്ത്ര്യവാജ്ഞ അതിനു നിമിത്തമായി.  നാടിന്റെ മുക്കിലും മൂലയിലും  വായനപ്പുരകൾ കെട്ടി പത്രപാരായണത്തിനുള്ള അവസരമൊരുക്കി.  ദേശീയ പ്രക്ഷോഭണങ്ങൾക്കു നേതൃത്വം നൽകിയവർ തന്നെയാണ് മലബാറിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിനും ആദ്യകാല സാരഥികൾ.

ഗ്രന്ഥശാല പ്രസ്ഥാനത്തിനു നവോന്മേഷം 

ലബാർ വായനശാല സംഘത്തിന്റെ ആഭിമുഖ്യത്തിൽ 1943-ൽ കേരള ഗ്രന്ഥശാല സംഘമെന്ന പേരിൽ ഒരു സംഘടന രജിസ്റ്റർ ചെയ്തു. രാഷ്ട്രീയമായി കേരളമെന്ന സങ്കല്പം യാഥാർഥ്യമാകുന്നതിനു മുമ്പ് ഗ്രന്ഥശാല പ്രസ്ഥാനം ഐക്യ കേരളമെന്ന ആശയം വിഭാവനം ചെയ്തു എന്ന കാര്യം ശ്രദ്ധേയമാണ്. എന്നാൽ ഇന്നത്തെ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനം ജന്മം കൊണ്ടത് 1945 സെപ്റ്റംബർ 14 ആം തീയതി അമ്പലപ്പുഴ പി. കെ.  മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ചാണ്.  സ്ഥാപക ദിനമായ സെപ്റ്റംബർ 14 എല്ലാ വർഷവും ഗ്രന്ഥശാല ദിനമായി ആചരിക്കുന്നു.  പി. എൻ. പണിക്കർ മുഖ്യ സംഘാടകനായി  47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്ത അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്റെ തുടർച്ചയാണ് ഇന്നത്തെ കേരള ഗ്രന്ഥശാല സംഘം.  ഗ്രന്ഥശാല സംഘത്തിന്റെ പ്രവർത്തനം തുടങ്ങാൻ 250 രൂപ പ്രതിമാസ ഗ്രാൻഡ് അനുവദിച്ചതോടെ ഇതിനു ഔദ്യോഗിക അംഗീകാരം കൈവന്നു. 

തിരുകൊച്ചി സംയോജനത്തോടെ 1949-ൽ തിരുക്കൊച്ചി ഗ്രന്ഥശാല സംഘമായി.  ഐക്യകേരളം 1956-ൽ രൂപീകൃതമായെങ്കിലും 1958-ൽ മാത്രമാണ് ഭരണസമിതി യോഗ തീരുമാനമനുസരിച്ച് തിരുകൊച്ചി ഗ്രന്ഥശാല സംഘം കേരള ഗ്രന്ഥശാല സംഘമായത്.  അതിന്റെ നിയമാവലിയനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുമുണ്ടായി. 

ഗ്രന്ഥശാല സംഘത്തിന്റെ ജൂബിലി 1970-ൽ തിരുവന്തപുരത്ത് വിപുലമായി ആഘോഷിച്ചു.  അതിനോടനുബന്ധിച്ചുള്ള പരിപാടികളിൽ മുഖ്യയിനം സാംസ്‌കാരിക ജാഥയായിരുന്നു.  'വായിച്ചു വളരുക' 'ചിന്തിച്ചു വിവേകം നേടുക' എന്നീ മുദ്രാവാക്യങ്ങളുമായി കാസർകോട്ടു നിന്നും തിരുവനന്തപുരം വരെ നടത്തിയ സാംസ്‌കാരിക ജാഥ കേരളത്തിന് ഒരു അനുഭവമായിരുന്നു. അതോടെ ഗ്രന്ഥശാല പ്രസ്ഥാനത്തിനു നവോന്മേഷം കൈവന്നു.

 ഗ്രന്ഥശാല  സംഘത്തിന്റെ ലക്ഷ്യങ്ങൾ 

ഗ്രന്ഥശാല സംഘത്തിന്റെ ഭരണം 1977 ൽ ഒരു ഓർഡിനൻസിലൂടെ സർക്കാർ ഏറ്റെടുത്തു.  വിദ്യാഭ്യാസ മന്ത്രി ചെയർമാനായി ഒരു ഭരണസമിതിയെ നിയമിച്ചു.  ഗ്രന്ഥശാല നിയമം കൊണ്ട് വന്ന് ജനാധിപത്യ സ്വഭാവം വീണ്ടെടുക്കുവാനുള്ള ശ്രമം പല കാരണങ്ങളാൽ നീണ്ടുപോയി.  കൺട്രോൾ  ബോർഡ് 1989-ൽ രൂപം നൽകിയ ഗ്രന്ഥശാലാബിൽ നിയമസഭ പാസാക്കി.  അതോടെ ഗ്രന്ഥശാലാ നിയമനം പ്രാബല്യത്തിൽ വന്നെങ്കിലും അതനുസരിച്ചുള്ള തെരഞ്ഞെടുപ്പ് നടത്താൻ പിന്നെയും കാലം വൈകി.  

തെരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 1994 ഏപ്രിൽ 27 ന് അധികാരമേറ്റു. അതിന്റെ കീഴിൽ തെരെഞ്ഞെടുക്കപ്പെട്ട ജില്ലാ ലൈബ്രറി കൗൺസിലുകളും താലൂക്ക് ലൈബ്രറി യൂണിയനുകളുമുണ്ട്.  സംസ്‌ഥാനത്തുള്ള പൊതു ഗ്രന്ഥശാലകളുടെ കേന്ദ്രസംഘടനായിട്ടാണ് ഗ്രന്ഥശാലസംഘം പ്രവർത്തിച്ചു വരുന്നത്.  നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഗ്രന്ഥശാലകളുടെ ഒരു ഏകീകൃത പദ്ധതിയുടെ കീഴിൽ കൊണ്ട് വരുന്നതിന് സംഘത്തിന്റെ പ്രവർത്തനങ്ങൾ സഹായിച്ചു. 

പൊതുജനങ്ങളിൽ വായനശീലം വളർത്തുക, അക്ഷരാഭ്യാസമുള്ളവരുടെ അജ്ഞത മാറ്റാൻ ഉപകരിക്കുന്ന വിധത്തിൽ ഗ്രന്ഥശാലകൾ സ്ഥാപിക്കുക,  വയോജന വിദ്യാഭ്യാസത്തെ സഹായിക്കുക,  നിഷ പാഠശാലകൾ സ്ഥാപിക്കുക,  നിലവിലുള്ള ഗ്രന്ഥശാലകളെ പുഷ്ടിപ്പെടുത്തുക,  ഗ്രന്ഥശാല പ്രവർത്തകർക്കു പരിശീലനം നൽകുക,  മാതൃ ഭാഷയുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തിക്കുക,  ഗ്രന്ഥശാല പ്രവർത്തനത്തെക്കുറിച്ച് പ്രസിദ്ധീകരണങ്ങൾ ഇറക്കുക എന്നിവയാണ് ഗ്രന്ഥശാല  സംഘത്തിന്റെ ലക്ഷ്യങ്ങളായി  വിഭാവനം ചെയ്തിട്ടുള്ളത്.

വിജ്ഞാനം വികസനത്തിന് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഗ്രന്ഥശാലകളെ സാമൂഹിക പരിവർത്തനത്തിന്റെ കേന്ദ്രബിന്ദുവാക്കി ജനതയെ മുഴുവൻ പൊതു വേദിയിലണിനിരത്താനുള്ള പ്രവർത്തനങ്ങൾ സംഘം ആവിഷ്കരിച്ചു.  ഇതിന്റെ ഭാഗമായി സ്പോട്സ് ക്ലബ്ബുകൾ,  കലാസമിതികൾ, കയ്യെഴുത്തു മാസികകൾ,  ചർച്ചാവേദികൾ, തയ്യൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ ഗ്രാമീണ ഗ്രന്ഥശാലകൾ സംഘടിപ്പിച്ചു. 

സാക്ഷരതാ പ്രസ്ഥാനം മുഖ്യ ധർമ്മമായി

കേരള ഗ്രന്ഥശാല സംഘത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ സാക്ഷരതാ പ്രവർത്തനത്തിനു തുടക്കം കുറിച്ചത്.  മലബാറിൽ ഈ ഉദ്ദേശ്യത്തോടെ 1937-ൽ തന്നെ നിശാപാഠശാലകൾ ആരംഭിച്ചിരുന്നു. ഗ്രന്ഥശാല  സംഘം സ്ഥാപിതമായപ്പോൾ മുതൽ തിരുവിതാംകൂറിലെ ഗ്രന്ഥശാലകൾ സാക്ഷരതാ പ്രസ്ഥാനം അവയുടെ മുഖ്യ ധർമ്മയായി ഏറ്റെടുത്തു.  അതിനുവേണ്ടി ആസൂത്രിതമായി പ്രവർത്തിച്ചു.  

കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഘടിത സാംസ്‌കാരിക  പ്രസ്ഥാനമായ ഗ്രന്ഥശാലസംഘത്തിന് 1975-ൽ യുനെസ്‌കോ അംഗീകാരം നേടാൻ കഴിഞ്ഞു. ദേശീയവായന സവർവെയിൽ 1989-90-ൽ കേരളത്തിലെ ജനസംഖ്യയിൽ നഗരത്തിൽ 81 ശതമാനവും ഗ്രാമങ്ങളിൽ 53 ശതമാനവും വായിക്കുന്നവരാണെന്നു കണ്ടെത്തി.  പ്രത്യേകിച്ച് ഗ്രമീണ മേഖലയിൽ മറ്റൊരു സംസ്‌ഥാനത്തിനും കേരളത്തിന്റെ അടുത്തെങ്ങുമെത്താൻ കഴിയുന്നില്ല. 

വായന സർവ്വേ 

സാമൂഹിക വനവൽക്കരണത്തിന്റെ പ്രസക്തി ജനങ്ങളിൽ എത്തിക്കുന്നതിനായി വനം വകുപ്പ്, ഭാഷ ഇൻസ്റ്റിട്യൂട്ട്, കേരളം ഗ്രന്ഥശാല സംഘം എന്നിവ സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള വനശാസ്ത്ര പുസ്തക കോർണർ പദ്ധതി പല ജില്ലകളിലും നടപ്പാക്കിയിട്ടുണ്ട്.  ഗ്രാമീണരായ സ്ത്രീകളിലും തൊഴിലാളികളിലും വായന ശീലം വളർത്തുന്നതിനു വേണ്ടി വീടുകളിൽ പുസ്തകമെത്തിക്കുന്ന പദ്ധതിയും നടപ്പാക്കി വരുന്നു.  

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ മറ്റൊരു നൂതന സംരംഭമാണ് സുവർണ ജൂബിലി വർഷമായ 1995-ൽ നടത്തിയ വായന സർവേ,  മലയാളിയുടെ വായനയുടെ അഭിരുചിയും പ്രവണതയും തിരിച്ചറിയുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഗ്രാമ പ്രദേശങ്ങളിലും പട്ടണങ്ങളിലുമായി 12100 വീടുകൾ സന്ദർശിച്ചാണ് പരിശീലനം സിദ്ധിച്ച ഗ്രന്ഥശാല പ്രവർത്തകർ  ശ്രമകരമായ ഈ സർവേ പൂർത്തിയാക്കിയത്.  മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് ബാലകൈരളി എന്ന പേരിൽ മലയാളം നഴ്‌സറി സ്‌കൂൾ ആരംഭിക്കുന്ന ഒരു പദ്ധതിക്ക് ലൈബ്രറി കൗൺസിൽ രൂപം നൽകിയിട്ടുണ്ട്. 

കേരളഗ്രന്ഥശാല സംഘത്തിന്റെ മുഖപ്പത്രമായി ഗ്രന്ഥലോകം മാസിക 1948 മുതൽ പ്രസിദ്ധീകരിച്ചു വരുന്നു.  വിവര സാങ്കേതിക വിദ്യയുടെ മേഖലയിൽ അനുദിനം വളർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗ്രന്ഥശാലകൾ പുസ്തക ശേഖരണ കേന്ദ്രവും വിതരണ കേന്ദ്രവും മാത്രമായാൽ പോരാ,  ഗുണനിലവാരം ഉറപ്പു വരുത്തുന്നതോടൊപ്പം കാലഘട്ടത്തിനനുസരിച്ച് വിപുലമായ വിജ്ഞാന വിതരണ കേന്ദ്രങ്ങൾ കൂടിയാകണം. അതിനു പറ്റിയ വിധത്തിൽ ആധുനികവൽക്കരണത്തിനായിരിക്കണം, ഇനി ഊന്നൽ നൽകേണ്ടത്.  ഗ്രന്ഥശാലകളുടെ വികസന പ്രവർത്തനനത്തിനുള്ള ധനാഗമമാർഗം എന്ന നിലയിൽ സർക്കാർ ലൈബ്രറി സെസ്സ് ഏർപ്പെടുത്തിയിരിക്കുന്നു. 

തയ്യാറാക്കിയത് - സുരേഷ് അന്നമനട

Leave A Comment