sports

ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി; ചരിത്രം കുറിച്ച് നമീബിയൻ താരം

കീര്‍ത്തിപുര്‍: ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമയായി നമീബിയന്‍ താരം ജാന്‍ നികല്‍ ലോഫ്റ്റി ഈറ്റണ്‍ ചരിത്രം കുറിച്ചു. നേപ്പാളിനെതിരേ കീര്‍ത്തിപുരില്‍ നടന്ന ടി20 മത്സരത്തിലാണ് പുതിയ ചരിത്രം പിറന്നത്. കേവലം 33 പന്തുകളില്‍നിന്നാണ് ലോഫ്റ്റി ഈറ്റണ്‍ മൂന്നക്കം കടന്നത്. എട്ട് സിക്‌സും 11 ഫോറും അകമ്പടി ചേര്‍ന്ന ഇന്നിങ്‌സാണ് ഇത്.

നേപ്പാളിന്റെ കുശാല്‍ മല്ലയുടെ പേരിലായിരുന്നു ഇതുവരെ ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോഡ്. കഴിഞ്ഞ വര്‍ഷം നമീബിയക്കെതിരേ 34 പന്തുകളില്‍നിന്നാണ് കുശാല്‍ മല്ല സെഞ്ചുറി നേടിയിരുന്നത്. ഇതിന് മറുപടിയെന്നോണം ചൊവ്വാഴ്ച നമീബിയന്‍ താരം തിരിച്ച് നേപ്പാളിനെതിരേ തന്നെ ആ റെക്കോഡ് തിരുത്തി. നേപ്പാള്‍ നിരയില്‍ കുശാല്‍ മല്ല ഗ്രൗണ്ടില്‍ ഇതിന് ദൃക്‌സാക്ഷിയായിരുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ടി20 ക്രിക്കറ്റില്‍ ലോഫ്റ്റി ഈറ്റന്റെ ആദ്യത്തെ സെഞ്ചുറിയാണിത്. 

ഇന്ത്യന്‍ താരം രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും ചെക്ക് റിപ്പബ്ലിക്കിന്റെ സുദേഷ് വിക്രമശേഖരയും 35 പന്തുകളില്‍നിന്ന് സെഞ്ചുറി നേടിയിട്ടുണ്ട്. ഇവയാണ് മൂന്നാമത്തെ ഏറ്റവും വലിയ സെഞ്ചുറി നേട്ടം.

മത്സരത്തില്‍ നമീബിയയാണ് ആദ്യം ബാറ്റുചെയ്തത്. ലോഫ്റ്റി ഈറ്റന്റെ (36 പന്തില്‍ 101) സെഞ്ചുറി ബലത്തില്‍ നമീബിയ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ പത്തോവറില്‍ മൂന്നിന് 62 എന്ന നിലയിലായിരുന്ന നമീബിയയെ നാലാം വിക്കറ്റില്‍ ലോഫ്റ്റി ഈറ്റനെത്തി വമ്പന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് 18.5 ഓവറില്‍ 186 റണ്‍സെടുക്കുന്നതിനിടെ എല്ലാവരെയും നഷ്ടമായി. 48 റണ്‍സെടുത്ത ദീപേന്ദ്ര സിങ്ങാണ് നേപ്പാള്‍ നിരയിലെ ടോപ് സ്‌കോറര്‍.

Leave A Comment