ക്രൈം

14-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 20-കാരന് 63 വർഷം തടവ്, ജാമ്യത്തിലിറങ്ങിയും പീഡനം

തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 63 വര്‍ഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ. ചാല സ്വദേശിയായ 20-കാരനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പിഴത്തുക കുട്ടിയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷവും ആറുമാസവും കൂടുതല്‍ തടവും അനുഭവിക്കേണ്ടിവരും.2022 നവംബറിൽ ചാലയിലായിരുന്നു കേസിനാസ്പദമായ സംഭവം.

എട്ടാംക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി, വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. ആശുപത്രിയില്‍ എത്തിയതോടെ ഡോക്ടറാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പ്രായം കണക്കിലെടുത്തും സുരക്ഷ പരിഗണിച്ചും ഗര്‍ഭഛിദ്രം നടത്തി. ഭ്രൂണം ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു. ഡിഎന്‍എ പരിശോധനയില്‍ പ്രതിതന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന് ശാസ്ത്രീയമായി തെളിഞ്ഞു.

ഈ കേസിന് പുറമേ പ്രതിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജുവനൈല്‍ കോടതിയില്‍ കേസുണ്ടായിരുന്നു. പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷവും യുവാവ് പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി മണക്കാട്ടെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ മര്‍ദിക്കുകയുംചെയ്തു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്

Leave A Comment