വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്ക മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
കൊരട്ടി: വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന ജാതിക്ക മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശി ഹസൻ (23) എന്ന യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊരട്ടി കിഴക്കുമുറി വഴിച്ചാൽ സ്വദേശിനി തട്ടിൽ വീട്ടിൽ ശില്പയുടെ (49) വീട്ടുമുറ്റത്ത് നിന്ന് ഏകദേശം 10,000 രൂപ വിലമതിക്കുന്ന 18 കിലോ ജാതിക്കയാണ് മോഷണം പോയത്. ജൂലൈ 22-ന് ഉച്ചയ്ക്ക് 12 മുതൽ 2 മണിക്കിടെയായിരുന്നു സംഭവം.
സംഭവദിവസം പരാതിക്കാരിയുടെ സഹോദരൻ പ്രദേശത്ത് സംശയാസ്പദ സാഹചര്യത്തിൽ ഒരാളെ കണ്ടിരുന്നു. തുടർന്ന് കൊരട്ടി, ചിറങ്ങര മേഖലകളിലെ മലഞ്ചരക്ക് വ്യാപാരികളിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ, ചിറങ്ങരയിലെ ഒരു കടയിൽ അന്യസംസ്ഥാന തൊഴിലാളിയായ ഒരാൾ ജാതിക്ക വിൽക്കാനെത്തിയതായി വിവരം ലഭിച്ചു. ഇതിനെ തുടർന്ന് പ്രതി വീണ്ടും എത്തുകയാണെങ്കിൽ ഉടൻ അറിയിക്കാൻ വ്യാപാരികൾക്ക് പോലീസ് നിർദേശം നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ മോഷ്ടിച്ച ജാതിക്ക വീണ്ടും വിൽക്കാനായി ചിറങ്ങരയിലെ കടയിൽ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കൊരട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐ ഷിബു സി.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave A Comment