ജില്ലാ വാർത്ത

ബഫര്‍ സോണ്‍: തൃശൂരിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം

തൃശ്ശൂര്‍:  സംരക്ഷിത വനമേഖലക്ക്‌  ചുറ്റും ഒരു കിലോമീറ്റര്‍  പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ തൃശൂര്‍ ജില്ലയിലെ പതിനൊന്ന് വില്ലേജുകളില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.  പീച്ചി, ചിമ്മിനി, വാഴാനി വനമേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

രാവിലെ പട്ടിക്കാട് സെന്‍ററില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്  പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ വില്ലേജുകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പൊതു ഗതാഗതവും തടസ്സപ്പെട്ടു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. അതേസമയം, ബഫര്‍സോണ്‍ വിഷത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈകിട്ട് നാലിന് ഓൺലൈനയാണ് യോഗം. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെസിബിസിയുടെ പ്രതിനിധി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും.

ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് വന്ന് ഒരുമാസം പൂര്‍ത്തിയാകാനിരിക്കെയാണ് ഈ വിഷയത്തില്‍ ഉയരുന്ന ആശങ്കകളും പരിഹാര സാധ്യകളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്. ഉത്തരവ് പൂര്‍ണതോതില്‍ നടപ്പായാല്‍ കേരളത്തിലുണ്ടാക്കാവുന്ന പ്രതിസന്ധി തിട്ടപ്പെടുത്താന്‍ ഇതിനോടകം തുടങ്ങിയ സര്‍വേയുടെ പുരോഗതിയും യോഗം വിലയിരുത്തും. 

Leave A Comment