തൃശൂർ ജില്ലയിലെ പന്ത്രണ്ട് വില്ലേജുകൾ കരുതൽ മേഖലയിൽ
ചാലക്കുടി : സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംരക്ഷിത വനമേഖലയോട് ചേർന്നുള്ള ഒരുകിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കിയാൽ തൃശ്ശൂർ ജില്ലയിലെ പന്ത്രണ്ട് വില്ലേജുകളാണ് ഈ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. നിയമസഭയിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വരന്തരപ്പിള്ളി, മറ്റത്തൂർ, തിരുവില്വാമല, പീച്ചി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, പാണഞ്ചേരി, കരുമത്ര തുടങ്ങിയ വില്ലേജുകളാണ് നിലവിലെ പട്ടികയിലുള്ളത്.
സംരക്ഷിതപ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാന സർക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
പഠനറിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ മാത്രമേ സുപ്രീംകോടതി നിർദേശം പ്രാവർത്തികമാക്കിയാൽ തൃശ്ശൂർ ജില്ല ഉൾപ്പെടെ സംസ്ഥാനത്തെ ഏതെല്ലാം വില്ലേജുകളിലെ ജനങ്ങളെ ബാധിക്കാനിടയുണ്ടെന്ന് കൃത്യമായ വിവരം ലഭിക്കുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ മലക്കപ്പാറ മേഖലയൊഴികെ വിനോദസഞ്ചാരമേഖലയടക്കം ചാലക്കുടി മണ്ഡലത്തിലെ അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി പഞ്ചായത്തുകളിലെ ഒരു പ്രദേശവും കരുതൽമേഖലയിൽ ഇല്ലെന്നാണ് വിവരം.
Leave A Comment