കുട്ടികളുടെ കൂട്ടുകാരി; ലക്ഷ്മിയുടെ വിടവാങ്ങലിൽ വേദനയോടെ ചന്ദ്രോത്ത് ഗ്രാമം
പുൽപ്പള്ളി: വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷ വാർത്തകൾക്കിടയിൽ വേറിട്ടൊരു വേദനയായി മാറുകയാണ് 'ലക്ഷ്മി' എന്ന കാട്ടാനയുടെ ചരിവ്. പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടിക്കടുത്തുള്ള ചന്ദ്രോത്ത് ഉന്നതി നിവാസികളുടെ പ്രിയപ്പെട്ട ആനയായിരുന്ന ലക്ഷ്മിയെ വനത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
വർഷങ്ങളായി ജനവാസ മേഖലയിൽ പതിവായി എത്താറുണ്ടായിരുന്ന ലക്ഷ്മി ആരെയും ഉപദ്രവിക്കാത്തതിനാൽ ഗ്രാമവാസികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു. കൃഷിയിടങ്ങളിൽ നിന്ന് ശേഖരിച്ച ചക്കയും മാങ്ങയും നൽകിയാണ് നാട്ടുകാർ ലക്ഷ്മിയെ സ്വീകരിച്ചിരുന്നത്. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് ലക്ഷ്മിയുമായി ആത്മബന്ധമുണ്ടായിരുന്നു.
ചന്ദ്രോത്ത് ഉന്നതിക്ക് സമീപമുള്ള പാതിരി വെള്ളപ്പാടി വനമേഖലയിലാണ് ലക്ഷ്മിയെ ഇന്നലെ രാവിലെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഏകദേശം 70 വയസുണ്ടാകുമെന്നാണ് വനപാലകരുടെ വിലയിരുത്തൽ.
മനുഷ്യരും കാട്ടാനയും തമ്മിലുള്ള അപൂർവ സഹവർത്തിത്വത്തിന്റെ പ്രതീകമായിരുന്ന ലക്ഷ്മിയുടെ വിയോഗം പ്രദേശവാസികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Leave A Comment