കൊച്ചിയില്‍ കൂട്ടപ്പിരിച്ചു വിടല്‍ മന്ത്രി ഇടപെട്ട് നടപടി മരവിപ്പിച്ചു
കൊച്ചി: കൊച്ചിയിലെ കോറോ ഹെല്‍ത്ത് എന്ന കമ്പനിയിലെ കൂട്ടപ്പിരിച്ചു വിടല്‍ മരവിപ്പിച്ചു. വിഷയത്തില്‍ തൊഴില്‍മന്ത്രി ഇടപെട്ടു. ജൂലൈ ആറിന് തൊഴില്‍വകുപ്പ് സെക്രട്ടറി കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് ഉമ തോമസ് എംഎല്‍എ വ്യക്തമാക്കി. ഉമ തോമസിന്റെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും കൊച്ചിയിലെ കമ്പനി അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് കൂട്ടപ്പിരിച്ചുവിടല്‍ താല്‍ക്കാലികമായി മരവിപ്പിച്ചത്. തിങ്കളാഴ്ചയാണ് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുന്നത്.
കൊച്ചിയിലും കോഴിക്കോടുമായി പ്രവര്‍ത്തിച്ചിരുന്ന യുഎസ് ആസ്ഥാനമായുള്ള കോറോ ഹെല്‍ത്ത് കമ്പനിയില്‍ നിന്നും 800ല്‍ അധികം ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് ജീവനക്കാര്‍ തങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടിയതായും പിരിച്ചുവിട്ടതായും അറിയുന്നത്.
കൊച്ചി പാലാരിവട്ടത്തും കോഴിക്കോടുമുള്ള സ്ഥാപനങ്ങള്‍ പൂട്ടുകയാണെന്നും സിസ്റ്റം ലോഗ് ഔട്ട് ചെയ്ത് ഐഡി കാര്‍ഡുകള്‍ തിരികെ നല്‍കാനുമാണ് അധികൃതര്‍ ജീവനക്കാരോട് പറഞ്ഞത്. നിലവില്‍ മൂന്നു മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി കമ്പനി വാഗ്ദാനം ചെയ്യുന്നത്.
എന്നാല്‍ ഇത് അപര്യാപ്തമാണെന്നും ചുരുങ്ങിയത് 10 മാസത്തെ ശമ്പളമെങ്കിലും ലഭിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. കമ്പനിയുടെ സീല്‍ പോലുമില്ലാത്ത പേപ്പറുകളിലാണ് പിരിച്ചുവിടല്‍ നോട്ടീസ് ജീവനക്കാര്‍ക്ക് നല്‍കിയത്.
Leave A Comment