ജില്ലാ വാർത്ത

മാള പോലീസിന്റെ അതിവേഗ അന്വേഷണം; നാലുപേർ സുരക്ഷിതർ

മാള: നാടിനെ ഒന്നാകെ ആശങ്കയിലാഴ്ത്തിയ അച്ഛനും മൂന്ന് മക്കളും കാണാതായ സംഭവത്തിന് മണിക്കൂറുകൾക്കകം ശുഭപര്യവസാനം. അതിവേഗവും കൃത്യതയാർന്നതുമായ അന്വേഷണത്തിലൂടെ നാലുപേരെയും സുരക്ഷിതരായി കണ്ടെത്തി മാള പോലീസ്.

സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അച്ഛനും 11, 9, 6 വയസുള്ള മൂന്ന് മക്കളും വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചതോടെ റൂറൽ എസ്.പി. മുഹമ്മദ് നദിമുദീന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. റൂറൽ എസ്.പി. മുഹമ്മദ് നദിമുദീന്റെയും ഡിവൈ.എസ്.പി. സന്തോഷ് കുമാറിന്റെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

ആദ്യഘട്ട അന്വേഷണത്തിൽ ബന്ധുക്കളോടും നാട്ടുകാരോടും ഗോവയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇവർ വീടുവിട്ടതെന്ന് കണ്ടെത്തിയെങ്കിലും, അത് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് പിന്നീട് വ്യക്തമായി. സൈബർ ട്രാക്കിങ്ങിന്റെയും രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഇവർ ആദ്യം ആലപ്പുഴയിലെ കൃപാസനത്തും പിന്നീട് എറണാകുളം ജില്ലയിലെ പിറവത്തും എത്തിയതായി പോലീസ് കണ്ടെത്തി.

തുടർന്ന് മാള പോലീസ് പിറവം പോലീസുമായി ബന്ധപ്പെടുകയും പിറവം സി.ഐ. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘവുമായി ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം നാലുപേരെയും സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.

ആളൂർ എസ്.എച്ച്.ഒ. ഹരിക്കുട്ടൻ കെ.വി., മാള എസ്.ഐ. വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ.മാരായ ബാബു, ഫൈസൽ കോറോത്ത്, മുഹമ്മദ് ബാഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ, എയ്ഞ്ചൽ, കൃഷ്ണദാസ്, സി.പി.ഒ.മാരായ ആകാശ്, കിരൺ, ഹരികൃഷ്ണ, ഡ്രൈവർ ജവഹർ എന്നിവരും അന്വേഷണ സംഘത്തിൽ അംഗങ്ങളായിരുന്നു.

സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗവും വിവിധ പോലീസ് യൂണിറ്റുകൾ തമ്മിലുള്ള മികച്ച ഏകോപനവുമാണ് കേസിൽ മണിക്കൂറുകൾക്കകം വിജയത്തിലെത്താൻ സഹായിച്ചതെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ദ്രുതഗതിയിലുള്ള നീക്കം ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശങ്കയ്ക്ക് വിരാമമിടുകയും നാലുപേരെയും സുരക്ഷിതരായി കണ്ടെത്താൻ വഴിയൊരുക്കുകയും ചെയ്തു.

Leave A Comment