ജില്ലാ വാർത്ത

അടിപ്പാത നിര്‍മ്മാണം: ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷനില്‍ ട്രയല്‍ റണ്‍ നാളെകൂടി

ചാലക്കുടി: മുനിസിപ്പല്‍ ജംഗ്ഷനിലെ അടിപ്പാതയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വാഹനഗതാഗത ട്രയല്‍ ആരംഭിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ട്രയല്‍ നടത്തുന്നത്.  മുനിസിപ്പല്‍ ജംഗ്ഷനിലെ പ്രധാന റോഡ് അടച്ചിട്ട് സര്‍വ്വീസ് റോഡ് വഴിയാണ് ഗതാഗതം തിരിച്ചുവിടുന്നത്. 

  വാഹനഗതാഗത ട്രയലിലെ അപാകതകള്‍ പരിഹരിച്ച് 26 മുതല്‍ മുനിസിപ്പല്‍ ജംങ്ഷന് സമീപം പൂര്‍ണ്ണമായും സര്‍വ്വീസ് റോഡിലൂടെയുള്ള ഗതാഗതം ക്രമീകരിക്കും. ഇതോടെ അടിപ്പാതയുടെ നിര്‍മ്മാണം പുനരാരംഭിക്കുകയും ചെയ്യും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. 

മുനിസിപ്പല്‍ ജംഗ്ഷനിലെ പ്രധാന റോഡ് അടച്ചിട്ട് സര്‍വ്വീസ് റോഡ് വഴിയാണ് ഗതാഗതം തിരിച്ചുവിടുന്നത്. എറണാകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ സിഗ്നല്‍ ജംങ്ഷനില്‍ നിന്നും പടി വശത്തുള്ള സര്‍വ്വീസ് റോഡ് വഴിയും തൃശൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പോട്ട സിഗ്നല്‍ കടന്ന് സര്‍വ്വീസ് റോഡിലേക്ക് പ്രവേശിച്ച് ചാലക്കുടി മുനിസിപ്പല്‍ ജംങ്ഷന്‍ കടന്ന് ഹൈവേയില്‍ പ്രവേശിക്കുന്ന തരത്തിലാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. മാള റോഡില്‍ നിന്നുമുള്ള ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ചാലക്കുടി ഗവ ഐടിഐ ജംങ്ഷനില്‍ നിന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞ് ബിഎസ്എന്‍എല്‍ ഓഫീസ് മുന്‍വശം വഴി ചാലക്കുടി ജംങ്ഷനില്‍ പ്രവേശിക്കണം. 

മാള ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ മുനിസിപ്പല്‍ ജംങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് സര്‍വ്വീസ് റോഡ് വഴി സൗത്ത് ജംങ്ഷനില്‍ എത്തണം. ഈ ഭാഗത്ത് നിന്നമുള്ള ബസ് ഒഴികെയുള്ള ഹെവി വെഹിക്കളുകള്‍ അഷ്ടമിച്ചിറ വഴിയോ, ചാലക്കുടി റെയില്‍വേ പാലത്തിന് സമീപമുള്ള വെള്ളാംഞ്ചിറ റോഡ് വഴിയോ പോകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ട്രയലാണ് രണ്ട് ദിവസങ്ങളിലായി നടത്തുന്നത്. 

ഞായര്‍ പകല്‍ 10 മുതല്‍ വൈകീട്ട് 6വരേയും തിങ്കള്‍ പകല്‍ 8മുതല്‍ വൈകീട്ട് 8വരേയുമാണ് ട്രയല്‍ റണ്‍ സമയം.

Leave A Comment