ആലുവയിൽ പെരിയാറിൽ വീണ്ടും മണൽക്കടത്ത്
ആലുവ: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതിന്റെ മറവിൽ പെരിയാറിൽ നിന്ന് മണൽക്കടത്ത് വീണ്ടും ആരംഭിച്ചു. മണൽകടത്തുന്നവർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഏതാനും മാസങ്ങളായി നിർത്തി വച്ച മണൽക്കൊള്ള ആണ് അതിഥി തൊഴിലാളികളെ കൂലിക്കെടുത്ത് ഇപ്പോൾ പുനരാരംഭിച്ചത്.
രാത്രി എട്ടുമണിയോടെ പെരിയാറിൽ പല മേഖലകളിലും മോട്ടോർ ഘടിപ്പിച്ച വഞ്ചികൾ വ്യാപകമായി ഇറങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്. ആലുവ മണപ്പുറം, യുസി കോളേജ്, വെളിയത്തുനാട്, കമ്പനിപ്പടി, ദേശം, ഉളിയന്നൂർ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മണൽ കോരിയെടുക്കുന്നത്.
പുലർച്ചെ വരെ നടക്കുന്ന ഇടപാടിന് രാഷ്ട്രീയ, പോലീസ് മൗനാനുവാദം ഉണ്ടെന്നാണ് ആരോപണം. ലോഡ് ഒന്നിന് 75,000 രൂപ വരെ വിലകിട്ടുന്ന പുഴ മണൽ ആലുവ ഗോൾഡ് എന്നാണ് അറിയപ്പെടുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ലോക്ക്ഡൗൺ കാലത്തുപോലും വൻതോതിൽ മണൽക്കടത്ത് നടക്കുന്നതായി പരാതി ഉയർന്നിരുന്നു.
റെയ്ഡ് വിവരങ്ങൾ തുടർച്ചയായി ചോരുന്ന വിവരം പുറത്ത് വന്നതിനെ തുടർന്ന് പോലീസ് സേനാംഗങ്ങളെ അന്നത്തെ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയിരുന്നു. അതൊന്നും ഫലമില്ലാതായെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്
Leave A Comment