അന്തര്‍ദേശീയം

ഇന്‍സ്റ്റാഗ്രാം വീഡിയോ വിനയായി; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തി പൊലീസ്

ലണ്ടൻ:യാത്രക്കിടെ സീറ്റ് ബെല്‍റ്റിടാതെ വീഡിയോ ചിത്രീകരിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി പൊലീസ്.ലങ്കാഷെയര്‍ പൊലീസാണ് പിഴ ചുമത്തിയത്. വടക്കന്‍ ഇംഗ്ലണ്ടില്‍ യാത്ര ചെയ്യുന്നതിനിടെ കാറിന്റെ പിന്‍ സീറ്റിലിരുന്ന് സുനക് വീഡിയോ എടുക്കുകയായിരുന്നു. സംഭവത്തില്‍ ക്ഷമ ചോദിച്ച്‌ സുനക് രംഗത്തെത്തി. വിവിധ പദ്ധതികള്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ ‘ലെവലിംഗ് ആപ്പ്’ ഫണ്ടുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച വീഡിയോയിലാണ് ബെല്‍റ്റ് ധരിക്കാതെ ഋഷി പ്രത്യക്ഷപ്പെട്ടത്. 

‘ലങ്കാഷെയറില്‍ ഓടുന്ന കാറില്‍ ഒരു യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്രചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് 42 കാരനായ ഒരു വ്യക്തിക്ക് നിശ്ചിത പിഴ ചുമത്തി.’ ലങ്കാഷെയര്‍ പൊലീസ് ട്വിറ്റിലൂടെ അറിയിച്ചു.

സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ 100 പൗണ്ടാണ് (ഏകദേശം 10,000 രൂപ) പിഴ ഈടാക്കുന്നത്. കേസ് കോടതിയില്‍ എത്തിയാല്‍ പിഴ 500 പൗണ്ടായി ഉയരും. സര്‍ക്കാരിലിരിക്കെ ഇത് രണ്ടാം തവണയാണ് സുനകിന് നിശ്ചിത പിഴ നോട്ടീസ് ലഭിക്കുന്നത്. കൊവിഡ് ലോക്‌ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ചതിനും മുൻപ് പിഴ ഈടാക്കിയിട്ടുണ്ട്.

Leave A Comment