കേരളം

ആദ്യ അറസ്റ്റ് തടഞ്ഞ് കോടതി; പിന്നാലെ മുഹമ്മദ് ഷിയാസിനെ പൂട്ടാൻ പൊലീസ്, ഒരു കേസ് കൂടി

കൊച്ചി: കോതമംഗലം പ്രതിഷേധത്തിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസിലും ജാമ്യം കിട്ടി കോടതിവളപ്പിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് നാടകീയ രംഗങ്ങൾ. അറസ്റ്റ് തടയാൻ കോടതിമുറിയിലേക്ക് ഓടിക്കയറിയ ഷിയാസ് മണിക്കൂറുകൾക്കുള്ളിൽ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടിയെങ്കിലും നാലാമതൊരു കേസുമായി വീണ്ടും പൊലീസ് രംഗത്തെത്തി.

കോതമംഗലത്തെ സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസിലും മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം കിട്ടി മാത്യു കുഴൽനാടനൊപ്പം കോടതി ഗേറ്റിന് മുന്നിലെത്തിയപ്പോഴാണ് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയത്. ഷിയാസിന്‍റെ അറസ്റ്റ് പിന്നാലെ പൊലീസ് വാഹനങ്ങൾ കോൺഗ്രസ് പ്രവർത്തകർ അടിച്ച് തകർത്ത കേസിലായിരുന്നു അറസ്റ്റ് ചെയ്യാനുള്ള ശ്രമം. ഈ കേസിൽ ഇന്നലെ രണ്ട് കോൺഗ്രസ് പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റ് നീക്കം തടയാൻ ഉടനെ കോടതിക്കുള്ളിലേക്ക് മുഹമ്മദ് ഷിയാസ് ഓടിക്കയറി. അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്ന നിലപാടിൽ വലിയ പൊലീസ് സന്നാഹം കോടതി പരിസരത്തും മണിക്കൂറുകൾ നിലയുറപ്പിച്ചു.

നേരത്തെ ഉണ്ടായ സംഭവങ്ങളിൽ പൊലീസ് പലസമയത്തായി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ തുടങ്ങി. അതേസമയം തന്നെ ഹൈക്കോടതിയെ സമീപിച്ച് അറസ്റ്റ് തടയാനുള്ള നിയമനടപടികൾ മറുഭാഗത്തുണ്ടായി. ചായക്കടയിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ട് പോകും വഴി ഷിയാസിന്‍റെ നിർദ്ദേശപ്രകാരമാണ് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം ആക്രമിച്ചെന്നാണ് മൂന്നാമത്തെ കേസ്. എന്നാൽ പൊലീസ് കസ്റ്റഡിയിലുള്ള സമയത്തെ അക്രമസംഭവങ്ങളിൽ താൻ എങ്ങനെ ഉത്തരവാദി ആകുമെന്ന വാദം ഉയർത്തിയാണ് ഷിയാസ് ഹൈക്കോടതിയെ സമീപിച്ചത്. ഉടൻ കേസ് പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതിയെ അറിയിച്ചു. ആവശ്യം അംഗീകരിച്ചതോടെ മുൻകൂർ ജാമ്യാപേക്ഷ വൈകീട്ട് 4 മണിക്ക് ജസ്റ്റിസ് ഡയസ് പരിഗണിച്ചു. പ്രതിഭാഗത്തിന്‍റെ വാദത്തിന്‍റെ അടിസ്ഥാനത്തിൽ ഈ മാസം 16 വരെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. അരമണിക്കൂറിനുള്ളിൽ ഷിയാസിനെതിരെ പുതിയ കേസെത്തി. 

ആക്രമസംഭവത്തിനിടെ കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചതിൽ കൂടുതൽ വകുപ്പ് ചേർത്താണ് നാലാമത്തെ കേസ്. ഓരോ കേസിലും ജാമ്യം കിട്ടുമ്പോഴും പുതിയ കേസുമായി ഷിയാസിനെതിരെ രംഗത്തെത്തുകയാണ് പൊലീസ്. കാഞ്ഞിരവേലിയിൽ ഇന്ദിരയെന്ന 70വയസ്സുകാരി കാട്ടാനയുടെ ആക്രമണത്തിൽ കൊലപ്പെട്ടതിന് പിന്നാലെയാണ് കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ വലിയ പ്രതിഷേധ സമരം നടന്നതും സംഘർഷത്തിൽ കോൺഗ്രസ് നേതാക്കന്മാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും.

Leave A Comment