കേരളം

മോഹന്‍ലാലിന് ആശ്വാസം; ആനക്കൊമ്പ് കേസിൽ വിചാരണയ്ക്ക് സ്റ്റേ

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

മോഹന്‍ലാലിന് സര്‍ക്കാര്‍ നല്‍കിയ ഉടമസ്ഥാവകാശ നിയമസാധ്യത  പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. കേസില്‍ പരാതിക്കാരനായ ഏലൂര്‍ സ്വദേശി എ എ പൗലോസിനെ കോടതി കക്ഷി ചേര്‍ത്തു. നവംബറില്‍ ഹാജരാകാനുള്ള വിചാരണക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നായിരുന്നു കഴിഞ്ഞമാസം പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. ആവശ്യം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി വിലയിരുത്തിയത്. മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികുതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവര്‍ഷം പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നു എന്നും മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

Leave A Comment