കേരളം

ഐഎഎസ് ഉദ്യോഗസ്ഥരുടെ വകുപ്പുകളുടെ തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ വകുപ്പുകളുടെ തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിൽ കൃഷിവകുപ്പ് ഡയറക്ടറായിരുന്ന അദീല അബ്ദുളളയെ സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ശ്രീറാം കൃഷിവകുപ്പ് ഡയറക്റായി നിയമിതനായത്. സപ്ളൈകോ സി.എം.ഡി ആയിരുന്ന പി.ബി.നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു.

ഡോ.അശ്വതി ശ്രീനിവാസ് ആയിരിക്കും സപ്ളൈകോയുടെ പുതിയ സി.എം.ഡി. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ ചില അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഫിഷറീസ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ ബി.യെ കായിക, യുവജനകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍ എന്നീ തസ്തികകളുടെ പൂര്‍ണ്ണ അധിക ചുമതല കൂടിയുണ്ട്.ധനകാര്യ (വിഭവശേഷി) വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായ ഡോ. ശ്രീറാം വി യെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ ഈ ഉദ്യോഗസ്ഥന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.

പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായ ഷിബു എ കേരള സംസ്ഥാന മണ്‍പാത്ര നിര്‍മ്മാണ മാര്‍ക്കറ്റിംഗ് ആന്‍ഡ് വെല്‍ഫെയര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല വഹിക്കും. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ സുധീര്‍ കെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിന്റെ പൂര്‍ണ്ണ അധിക ചുമതല വഹിക്കും.

Leave A Comment