ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിന്റെ മൊഴിയെടുക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മൊഴിയെടുക്കും. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്.
പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നത്.
നേരത്തെ പോറ്റിയുമൊത്തുള്ള അടൂർ പ്രകാശിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ കനത്ത വിമർശനവുമായി സിപിഎം രംഗത്തുവന്നിരുന്നു.
അതേസമയം, ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, അതിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ പോറ്റിയിൽ നിന്നും സ്ഥിരീകരണം തേടും.
Leave A Comment