നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥിതി വിലയിരുത്താൻ കമ്മീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലകളിലെ സ്ഥിതി വിലയിരുത്താൻ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും യോഗം വിളിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഉച്ചകഴിഞ്ഞു മൂന്നിനാണ് കളക്ടർമാരുടെയും എസ്പിമാരുടെയും പോലീസ് ആസ്ഥാനത്തെ തെരഞ്ഞെടുപ്പ് നോഡൽ ഓഫീസറുടെ ചുമതലയുള്ള എഡിജിപിയുടെയും ഓണ്ലൈൻ യോഗം വിളിച്ചിട്ടുള്ളത്.
ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് എന്നു നടത്തണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാർശ നൽകുന്നത്.
സംസ്ഥാനത്തെ പൊതുവിലയിരുത്തൽ, ഉദ്യോഗസ്ഥരെ ലഭ്യമാക്കാനുള്ള സാഹചര്യം, സർവകലാശാലാ പരീക്ഷകൾ, പൊതു അവധികൾ, ക്രമസമാധാന പ്രശ്നം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി നടത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശിപാർശ ചെയ്യുന്നത്.
സാധാരണയായി വിഷു, പെസഹവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ, തൃശൂർ പൂരം തുടങ്ങിയ ആഘോഷങ്ങളുടെ തീയതികൾകൂടി കണക്കിലെടുത്ത് ഇതുകൂടി ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ് തീയതിയാകും ശിപാർശ ചെയ്യുക.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് സംസ്ഥാനത്തു നടത്തിയത്. ഏതാണ്ട് ഒരു മാസത്തിനു ശേഷം മേയ് രണ്ടിനായിരുന്നു വോട്ടെണ്ണൽ.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളുടെ പരിശോധനയ്ക്കായി സാങ്കേതിക വിദഗ്ധരും നിരീക്ഷകരും അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എത്തുന്നുണ്ട്. വോട്ടിംഗ് മെഷിനുകളുടെ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇവിഎമ്മുകളുടെ പരിശോധനയ്ക്കെത്തുന്ന വിദഗ്ധർക്കുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംസ്ഥാനത്ത് പൂർത്തിയാക്കി. മാർച്ച് രണ്ടാംവാരത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Leave A Comment