കേരളം

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ് | നാൾവഴികൾ

മാള: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പുതിയ സംഭവവികാസം. കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ വിവിധ ഇടങ്ങളിൽ പരിശോധന നടന്നതോടെയാണ് വിഷയം വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ് | നാൾവഴികൾ

2019 ജനുവരി – ആദ്യം തെളിഞ്ഞത്

സിഎംആർഎൽ കമ്പനിയുടെ ഓഫീസിലും മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ വീട്ടിലും ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തുന്നു. പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുന്നു. ഇതേ പരിശോധനയ്ക്കിടെയാണ് പിന്നീട് വിവാദമായ “ഡയറി രേഖകൾ” കണ്ടെത്തപ്പെടുന്നത്.

2023 ഓഗസ്റ്റ് – കേസ് പുറത്തുവരുന്നു

ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ പുറത്തുവരുന്നു.

എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സിഎംആർഎൽ 1.72 കോടി രൂപ “ചെയ്യാത്ത സേവനങ്ങൾക്ക്” നൽകിയതായി വിലയിരുത്തൽ.

ഇതോടെ വിഷയം രാഷ്ട്രീയ–നിയമ വിവാദമായി മാറുന്നു.

2023 ഓഗസ്റ്റ് അവസാനം – വിജിലൻസ് ഹർജി

മുഖ്യമന്ത്രി പിണറായി വിജയനും ടി. വീണയ്ക്കുമെതിരായ ഹർജിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി വിശദമായ സത്യവാങ്മൂലം ആവശ്യപ്പെടുന്നു.

2023 ഒക്ടോബർ – നികുതി വിശദീകരണം

എക്സാലോജിക് കമ്പനിക്ക് ലഭിച്ച 1.72 കോടി രൂപയ്ക്ക് ജിഎസ്‌ടി അടച്ചതായി സർക്കാർ സ്ഥിരീകരിക്കുന്നു.

2023 നവംബർ – ഹൈക്കോടതി ഇടപെടൽ

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറി നിയമിക്കുന്നു.

2024 ജനുവരി – കേന്ദ്ര ഏജൻസികൾ രംഗത്ത്

കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുന്നു

റജിസ്ട്രാർ ഓഫ് കമ്പനീസ് റിപ്പോർട്ടിൽ ഇടപാടുകൾ “സംശയാസ്പദം” എന്ന് പരാമർശം

കേസ് എസ്‌എഫ്‌ഐഒയ്ക്ക് കൈമാറുന്നു

2024 ഫെബ്രുവരി – കോടതിയിൽ തിരിച്ചടി

എസ്‌എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി തള്ളുന്നു.

2024 മാർച്ച് – ഇ.ഡി പ്രവേശനം

സിഎംആർഎൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിക്കുന്നു.

2025 – രാഷ്ട്രീയവും നിയമവുമായ പോരാട്ടം ശക്തമാകുന്നു

വിവിധ ഹർജികൾ ഹൈക്കോടതിയിൽ

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളപ്പെടുന്നു

കേന്ദ്ര സർക്കാർ കോടതിയിൽ വൻതോതിലുള്ള സാമ്പത്തിക ക്രമക്കേട് ആരോപിക്കുന്നു

2025 ഏപ്രിൽ–ജൂലൈ – പുതിയ ഹർജികൾ

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പുതിയ ഹർജികൾ സമർപ്പിക്കുന്നു.

എക്സാലോജിക് കമ്പനി സേവനം നൽകിയതായി വീണ വിജയൻ കോടതിയിൽ സത്യവാങ്മൂലം നൽകുന്നു.

2026 മെയ് 26 – ഹൈക്കോടതി നിർണായക ഉത്തരവ്

ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജികൾ കേരള ഹൈക്കോടതി പൂർണ്ണമായും തള്ളുന്നു.

അന്വേഷണം തുടരാമെന്നും സമൻസ് ഒഴിവാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കുന്നു.

2026 മെയ് 27 – ഇ.ഡി വ്യാപക പരിശോധന

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ, തിരുവനന്തപുരം വീടുകൾ ഉൾപ്പെടെ

സിഎംആർഎൽ ഓഫീസുകൾ അടക്കം 12 ഇടങ്ങളിൽ ഇ.ഡി പരിശോധന നടത്തുന്നു.

സംക്ഷേപം

2019-ലെ നികുതി പരിശോധനയിൽ ആരംഭിച്ച ഒരു സാമ്പത്തിക ഇടപാട് കേസ്, ഇന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്ക് വളർന്നു നിൽക്കുന്ന ഒരു വലിയ രാഷ്ട്രീയ–നിയമ വിവാദമായി മാറിയിരിക്കുകയാണ്.

ആദായനികുതി പരിശോധനയ്ക്കിടെ ലഭിച്ച ഡയറി

2019 ജനുവരി 25-നായിരുന്നു സിഎംആർഎൽ കമ്പനിയുടെ ഓഫീസിലും മാനേജിംഗ് ഡയറക്ടറായ ശശിധരൻ കർത്തയുടെ വീട്ടിലും ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായി കിട്ടിയ മാസപ്പടി ഡയറിയാണ് അന്ന് ആദായനികുതി വകുപ്പിന് പിടിവള്ളിയായത്.

സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ എന്ന പേരിലും കടമായിട്ടുമാണ് വീണയുടെ സ്ഥാപനത്തിന് ഒരു കോടി 72 ലക്ഷം രൂപ പലപ്പോഴായി നൽകിയതെന്നായിരുന്നു സിഎംആർഎല്ലിന്റെ വിശദീകരണം. പല പാർട്ടികളിലെയും മുതിർന്ന നേതാക്കൾ മുതൽ പോലീസ് ഉദ്യോഗസ്ഥർ വരെ മാസപ്പടി പറ്റുന്നവരുടെ കണക്കും ഈ ഡയറിയിൽ ഉണ്ടായിരുന്നു. ഡയറിയിൽ കണ്ട ചുരുക്കെഴുത്തുകളെച്ചൊല്ലിയും വിവാദമായി.

കെ കെ, പി വി, എ ജി, ഒ സി, ഐ കെ, ആർ സിഎന്നീ ഇനീഷ്യലുകളാണ് ഡയറിയിലുണ്ടായിരുന്നത്. ഇതിൽ കെ കെ, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണെന്നും പി വി, പിണറായി വിജയനാണെന്നും ഒ സി, ഉമ്മൻ ചാണ്ടിയാണെന്നും ആർ സി, രമേശ് ചെന്നിത്തലയാണെന്നും ഐ കെ - ഇബ്രാഹിംകുഞ്ഞാണെന്നും എ ജി എ ഗോവിന്ദനാണ് എന്നുമാണ് പറയപ്പെട്ടത്.

പി വി താനല്ലെന്ന് വ്യക്തമാക്കി അന്ന് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.

Leave A Comment