സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിർബന്ധമാക്കി; പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫില്‍, എംഎഡ് ഉള്‍പ്പെടെ ഉയര്‍ന്ന യോഗ്യതയുളളവരും ഇനി കെ-ടെറ്റ് പാസാകണം. 2025 സെപറ്റംബര്‍ ഒന്നിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ ഒഴിവാക്കിയത്.
വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരാകാന്‍ യോഗ്യത നിര്‍ണയിക്കുന്നതാണ് കെ-ടെറ്റ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സര്‍വീസിലുളള അധ്യാപകരും കെ-ടെറ്റ് പാസായിരിക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു. ഇതിനിടയിലാണ് യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്ന മുന്‍ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. അഞ്ച് വര്‍ഷത്തിലേറെ സര്‍വീസുളളവര്‍ കെ-ടെറ്റ് പാസായിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രധാനാധ്യാപകരാകാനോ ഹയര്‍സെക്കന്‍ഡറിയിലേക്ക് മാറ്റം വാങ്ങാനോ കെ-ടെറ്റ് ലെവല്‍ ത്രീ പരീക്ഷ ജയിക്കണം. എല്‍പി, യുപി വിഭാഗങ്ങളില്‍ കെ-ടെറ്റ് ഒന്ന്, രണ്ട് ലെവലുകളില്‍ ഏതെങ്കിലും പാസാകണം. കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ സി-ടെറ്റ് ജയിച്ചവര്‍ക്ക് ഇളവ് തുടരും.
സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എല്‍പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യുപി നിയമനത്തിനും പരിഗണിക്കും. എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണത്തിനും കെ-ടെറ്റ് നിര്‍ബന്ധമായി.
എച്ച്എസ്ടി/യുപിഎസ്ടി/എല്‍പിഎസ്ടി തസ്തികകളിലേക്കുള്ള ബൈട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് അതത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെയും അനധ്യാപകരെയും മാത്രമേ ഇനി പരിഗണിക്കൂ.
Leave A Comment