ഇന്നസെന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച്ച സെന്റ് തോമസ് കത്തീഡ്രലില്‍
കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചി ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തിച്ചു. ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും രാവിലെ എട്ട് മണിയോടെയായിരുന്നു പൊതുദർശനത്തിനായി അദ്ദേഹത്തിന്റെ മൃതദേഹം ഇവിടെയെത്തിച്ചത്. പൊതുദർശനവും മരണാനന്തര ചടങ്ങുകളും പൂർത്തിയായ ശേഷം ഇന്നസെന്റിന്റെ മൃതദേഹം നാളെ വൈകീട്ട് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.
അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തുന്നത്. സിനിമാ- സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും, രാഷ്ട്രീയ രംഗത്തെ പ്രമുഖരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. മരണവാർത്തയറിഞ്ഞ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
പൊതുജനങ്ങൾക്കായും സിനിമാ പ്രവർത്തകർക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ ആളുകൾക്കും ഇവിടെ തന്നെ അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇവിടെ രാവിലെ 11 മണിവരെ പൊതുദർശനം തുടരും.
ഇവിടെ നിന്നും മൃതദേഹം പൊതുദർശനത്തിനായി ജന്മദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 3.30 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സെന്റ് തോമസ് കത്തിഡ്രലിൽ സംസ്കാരം.
Leave A Comment